കാലടി : ജനാഭിമുഖ കുർബാനയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം കാഞ്ഞൂർ ഫൊറോന കൗൺസിൽ യോഗം തീരുമാനിച്ചു. വത്തിക്കാൻ നിർദേശിച്ച റെസ്റ്റിറ്റിയൂഷൻ, ജനാഭിമുഖ കുർബാന എന്നിവയുടെ കാര്യത്തിൽ എറണാകുളം അതിരൂപതയുടെ നിലപാട് പലവട്ടം സിനഡിനെയും വത്തിക്കാനെയും അറിയിച്ചിട്ടുള്ളതാണ്, നേതൃത്വം മാറിയതുകൊണ്ട് നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് യോഗം ഓർമിപ്പിച്ചു.
പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെരാർദ് ഉദ്ഘാടനം ചെയ്തു. ബിജു ആലുക്ക, ജോജി പുതുശ്ശേരി, പാപ്പച്ചൻ ആത്തപ്പിള്ളി, ജോയ് കോഴിക്കാടൻ, ജോണി കൂട്ടാല എന്നിവർ സംസാരിച്ചു.
കാലടി സെന്റ്.ജോർജ് പളളി പാരിഷ് ഹാളിലാണ് യോഗം നടന്നത്. യോഗം നടത്തുന്നത് അതിരൂപത സംരക്ഷണ സമിതി തടഞ്ഞിരുന്നു. സ്ഥലത്ത് ഇരുവരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. പോലീസ് എത്തി പ്രശ്നം ശാന്തമാക്കുകയായിരുന്നു. തുടർന്നാണ് അൽമായ മുന്നേറ്റം സമിതിയുടെ യോഗം പാരീഷ് ഹാളിൽ നടന്നത്.