കാലടി: ഇത്തവണയും പതിവ് തെറ്റിക്കാതെ കലോത്സവ വേദിയില്‍ സജീവമായി പഴയിടം മോഹനന്‍ നമ്പൂതിരി. സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തിന് ഇത് അഞ്ചാം പ്രാവശ്യമാണ് പഴയിടം രുചി പകരുന്നത്. കലോത്സവത്തിന്റെ ആദ്യ ദിവസമായ വെളളിയാഴ്ച രാവിലെ ഇഡലിയും സാമ്പാറും വിളമ്പിയാണ് രുചിയിടത്തിന് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് ചോറും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പടെ 12 വിഭവങ്ങള്‍ക്ക് പുറമെ പാലടപ്രഥമനുമായിരുന്നു വിഭവങ്ങള്‍.
ശനിയാഴ്ച പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും വെജിറ്റബിള് സ്റ്റൂവും സദ്യയ്ക്ക് പരിപ്പുപ്രഥമനും ഞായറാഴ്ച രാവിലെ പുട്ടും കടലയും ഉച്ചയ്ക്ക് സദ്യയോടൊപ്പം പഴപ്രഥമനുമാണ് വിളമ്പുക. മൂന്ന് ദിവസങ്ങളിലായി പതിനായിരത്തിലേറെപ്പേര്‍ ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കണക്കാക്കുന്നത്. പാചകത്തിന് 18 പേരും വിളമ്പുന്നതിന് 25 പേരുമാണ് പഴയിടത്തിനൊപ്പമുളളത്.
കഴിഞ്ഞ സംസ്ഥാന കലോത്സവ കാലത്ത് ഇനി കലോത്സവ വേദികളിലേക്ക് ഇല്ലെന്ന് പഴയിടം അറിയിച്ചിരുന്നു. ഭക്ഷണത്തില്‍ വര്‍ഗീയത ചേര്‍ത്തതാണ് തന്നെ വിഷമിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തിരുവോണ ദിവസം മൂന്ന് മണിക്കൂറോളം അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം പരിഹരിക്കപ്പെട്ടിരുന്നു. പിന്നാലെ ഈ വര്‍ഷവും കലോത്സവത്തിന് നോണ്‍ വെജ് കാണില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അതിനാല്‍ കലോത്സവ വേദികളില്‍ നിന്നും മാറി നില്‍ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം 16 സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍ക്കും മൂന്ന് ദേശീയ ഗെയിമുകള്‍ക്കും നാല് ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളകള്‍ക്കും പഴയിടം രുചി പകര്‍ന്നു കഴിഞ്ഞു. അവയുള്‍പ്പെടെ ഇതിനോടകം രണ്ട് കോടിയിലധികം ആളുകള്‍ക്ക് ഭക്ഷണം പാചകം ചെയ്തു വിളമ്പിയിട്ടുണ്ടാകുമെന്നാണ് പഴയിടം പറയുന്നത്.