കാലടി: മലയാറ്റൂരിലെ പ്രദീപന്റെ കുടുംബത്തിന്റെ ദുരവസ്ഥ ഒരു നാടിനാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച 12 കാരി ലിബ്‌നക്കു പിന്നാലെ അമ്മ സാലി പ്രദീപനും (45) മരണത്തിന് കീഴടങ്ങി. ശനിയാഴ്ച്ച രാത്രി 10.45 ഓടെയാണ് സാലി മരിച്ചത്. സാലിയുടെ സംസ്‌ക്കാരം തിങ്കളാഴ്ച്ച നടക്കും. രാവിലെ 9 ന് മൃതദേഹം ഇവർ താമസിക്കുന്ന മലയാറ്റൂരിലെ വാടക വീട്ടിൽ കൊണ്ടുവരും. തുടർന്ന് 11 മണിവരെ മലയാറ്റൂർ താഴത്തെ പളളിക്ക് സമീപത്തുളള പളളിയുടെ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വക്കും. സംസ്‌ക്കാരം കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ നടക്കും.
ഇതോടെ കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്‌ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മകൻ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. സാലിയുടെ മൂത്ത മകൻ രാഹുലും ആശുപത്രിയിൽ ചികിത്സയിലാണ്.
കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച ഇവരുടെ മകൾ 12 വയസുകാരി ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകൾ ഇക്കഴിഞ്ഞ നാലിനാണ് നടന്നത്. 95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സ്‌ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങൾക്കും അവസാനമായി ഒരുനോക്ക് കാണാനാണ് അച്ഛൻ പ്രദീപൻ സംസ്‌കാരം ആറ് ദിവസം നീട്ടിയത്. അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നതോടെയാണ് സംസ്‌കാരം നടത്താൻ തീരുമാനിച്ചത്. മലയാറ്റൂർ നീലീശ്വരത്തെ സ്‌കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് ലിബ്‌നക്ക് സഹപാഠികൾ നൽകിയത്. വികാര നിർഭരമായ യാത്രയയപ്പിനൊടുവിൽ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലാണ് ലിബ്‌നയുടെ മൃതദേഹം സംസ്‌കാരിച്ചത്.
സാലിയും മക്കളായ ലിബ്‌ന, പ്രവീൺ, രാഹുൽ എന്നിവർ ഒന്നിച്ചാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. പാചകത്തൊഴിലാളിയായ പിതാവ് പ്രദീപൻ ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല.