കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ആസ്ഥാന കേന്ദ്രത്തിൽ മുഖ്യ കവാടത്തിലെ ശ്രീശങ്കരാചാര്യ പ്രതിമയ്ക്കു മുന്നിലെ കൊടിതോരണങ്ങൾ മാറ്റാത്തതെന്തെന്ന് ഹൈകോടതി സർവകലാശാലയോട് ചോദിച്ചു. കാലടി സായി ശങ്കര ശാന്തികേന്ദ്രത്തിലെ പി.എൻ ശ്രീനിവാസൻ നൽകിയ ഹർജിയിലാണ് കോടതി സർവകലാശാലയോട് വിശദീകരണം തേടിയത്. കൊടികൾ മാറ്റിയതായി സർവകലാശാല കോടതിയിൽ അറിയിച്ചു. എന്നാൽ അത് രേഖാമൂലം എഴുതി നൽകാൻ സർവകലാശാലയോട് കോടതി പറഞ്ഞു.രാഷ്ട്രീയ സംഘടനകളുടെ കൊടികളും മറ്റും വച്ച് ശ്രീശങ്കരാചാര്യ പ്രതിമമയ മറക്കുന്നത് ശങ്കരനെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്ന് ശ്രീനിവാസൻ ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു. അഡ്വ. ജോസ് ജെ മാതിയേക്കൽ ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായി.
എന്നാൽ ഹർജി പരിഗണിക്കുന്നതിന് തൊട്ട് മുമ്പ് പ്രതിമയ്ക്കു മുന്നിലെ കൊടികൾ സർവകലാശാല മാറ്റുകയും ചെയതിരുന്നു. ശ്രീശങ്കരാചാര്യ പ്രതിമയ്ക്കു മുന്നിൽ കൊടിതോരണങ്ങളും ബാനറുകളും വയ്ക്കുന്നതു നിരോധിച്ച് കഴിഞ്ഞ 12ന് വൈസ് ചാൻസലർ ഉത്തരവ് എറക്കിയിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങിയിട്ടും കൊടികൾ മാറ്റിയിരുന്നില്ല. എസ്എഫ്ഐ ആയിരുന്നു കൊടികൾ വച്ചിരുന്നത്.
ശ്രീശങ്കരന്റെ പ്രതിമയെ അവഹേളിക്കുന്ന തരത്തിൽ കൊടികളും ബാനറുകളും നിറഞ്ഞതിനെതിരെ ഒട്ടേറെ പരാതി ഉയർന്നിരുന്നു. കൊടി തോരണങ്ങൾ ഇവിടെ സ്ഥാപിക്കുന്നതു ക്രമസമാധാനപ്രശ്നം ആകുമെന്നു കാലടി പൊലീസ് ഇൻസ്പെക്ടർ വൈസ് ചാൻസലറെ അറിയിച്ചിരുന്നു. ഇതെല്ലാം വ്യക്തമാക്കിയാണു വൈസ് ചാൻസലർ ഉത്തരവിറക്കിയത്.
പ്രതിമയ്ക്കു മുന്നിലെ കൊടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ശ്രീശങ്കര ധർമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 4നു നടത്തിയ മാർച്ചിനിടെ സംഘർഷാവസ്ഥയുണ്ടായി. സർവകലാശാല കവാടത്തിനു മുന്നിൽ പ്രകടനം എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ പ്രതിമയ്ക്കു മുന്നിൽ കൊടികളുമായി നിന്നു പ്രതിരോധിച്ചു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസ് ഇടപെട്ടാണു സംഘർഷം ഒഴിവാക്കിയത്.