കാലടി: ശബരിമല പോലെ മതേതരത്വം ഉള്ള മറ്റൊരു ക്ഷേത്രം ലോകത്ത് ഇല്ലന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കാലടിയിൽ നടന്ന. ശബരിമല മാളികപ്പുറം മേൽശാന്തി സമാജം ഒന്നാം വാർഷികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു മന്ത്രി. ശബരിമലയിൽ ശാന്തിമാർ ഒരു വർഷം മാത്രമാണ് പ്രവർത്തിക്കുന്നത്. ആ ഒരു വർഷത്തെ അനുഭവം നൂറ് വർഷം ജീവിച്ചാലും കിട്ടാത്ത അനുഭവമാണ്. ശബരിമലയിൽ ഏത് ജാതിയെന്നോ, ഏത് മതമെന്നോ, ഏത് ഭാഷയെന്നോ, ഏത് സംസ്‌ക്കാരമെന്നോ ഒന്നും നോക്കുന്നില്ല. ശബരിമലയിൽ എത്തുമ്പോൾ എല്ലാവരും മാളികപ്പുറം അല്ലെങ്കിൽ സ്വാമിമാർ എന്ന പേരിലാണ് അറിയപ്പെടുതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
മണിപ്പൂരിൽ സംഭവിച്ച പോലുള്ള കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടക്കാതിരിക്കാൻ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണം. പല ജാതി മതങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. അവയെ ഉൾക്കൊള്ളുകയാണ് നമ്മുടെ സംസ്‌കാരമെന്നും മന്ത്രി പറഞ്ഞു.
സമാജം പ്രസിഡന്റ് ഏഴിക്കോട് ശശി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബന്നി ബഹന്നാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. റോജി എം ജോൺ എംഎൽഎ, തിരിവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ, പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, സമാജം സെക്രട്ടറി മൈലക്കാട് രജികുമാർ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു