മലയാറ്റൂർ: മധുരിമ കവലയിൽ ആർഎസ്എസ് ശാഖയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മലയാറ്റൂർ പള്ളി വികാരി എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മലയാറ്റൂർ പള്ളി അധികൃതർ വ്യക്തമാക്കി.
എസ്.ഡി.പി.ഐയുടെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വാർത്തയും ചിത്രവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജനം ടിവിയിൽ വന്ന വാർത്തയും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അധികൃതർ അറിയിച്ചു.
പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്നത് മലയാറ്റൂർ പള്ളി വികാരിയല്ലെന്നും ചിത്രം ഈ സംഭവവുമായി ബന്ധപ്പെട്ട് എടുത്തതല്ലെന്നും വിശദീകരണത്തിൽ പറയുന്നു. വിവിധ സംഘടനകൾ ചർച്ചകൾക്കായി മലയാറ്റൂർ പള്ളിയെ സമീപിച്ചിരുന്നെങ്കിലും വികാരിയോ ഭരണസമിതിയുമായി ബന്ധപ്പെട്ടവരോ ഒരു സംഘടനയുമായും ചർച്ച നടത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സമൂഹത്തിൽ സ്പർധ വളർത്തുന്നതിനായി ചില തൽപരകക്ഷികൾ ഇത്തരം വാർത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിപ്പിക്കുന്നതാണെന്ന ആശങ്കയും പള്ളി അധികൃതർ പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളോടും സ്നേഹത്തോടെയും സൗഹാർദത്തോടെയും സഹോദരഭാവത്തോടെയുമാണ് മലയാറ്റൂർ പള്ളി എന്നും പെരുമാറിയിട്ടുള്ളതെന്നും ഈ നിലപാടിൽ മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.



