ബോഹും: പടിഞ്ഞാറൻ ജർമൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്മെന്റ് സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. 25ഉം 27ഉം വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള ഒരു യുവാവുമാണ് മരിച്ചത്. കൊല്ലം ചാമക്കാട് സ്വദേശി അഞ്ജലി ഷീല ജോയ്, കാലടി സ്വദേശി സിവിൻ ജോണി ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു എന്നിവരാണ് വിഷപ്പുകയും തീയും ശ്വസിച്ച് ദാരുണമായി മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിൽ താമസിക്കുന്ന 41 വയസ്സുകാരനായ അയൽവാസിയെ പൊലീസ് അറസ്ററ് ചെയ്തു. കൊലപാതക കുറ്റത്തിന് ഹോമിസൈഡ് സ്ക്വാഡ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസും പബ്ലിക് പ്രോസിക്യൂഷനും സംയുക്തമായി അറിയിച്ചു.
രണ്ടാഴ്ച മുൻപ് മാത്രമാണ് ഇവർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള അപ്പാർട്മെന്റിൽ പുതുതായി താമസത്തിനെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ ബോഹും ഹോഫ്സ്റെറഡെ മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള ബഹുനില കെട്ടിടത്തിലായിരുന്നു അഗ്നിബാധ. താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീവച്ചതാകാമെന്നും, തുടർന്ന് മുകളിലേക്ക് കയറാനുള്ള തടി കൊണ്ടുള്ള കോവണിയിലേക്ക് തീ ആളിപ്പടർന്നതുമാണ് വലിയ ദുരന്തത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതികഠിനമായ ചൂടിൽ ഭിത്തിയിലെ ലെറ്റർബോക്സുകൾ പോലും ഉരുകിയ നിലയിലാണ്.
കെട്ടിടത്തിൽ നിന്നുള്ള ഏക രക്ഷാമാർഗമായ തടികൊണ്ടുള്ള കോവണി പൂർണമായി കത്തിയമരുകയും ഇടനാഴിയിലാകെ കനത്ത വിഷപ്പുകയും കൊടുംചൂടും പടരുകയും ചെയ്തതോടെ മുകൾ നിലകളിലെ താമസക്കാർക്ക് പുറത്തിറങ്ങാനായില്ല. തുടർന്ന് പലരും ജനലുകൾ വഴിയാണ് നിലവിളിച്ചതും സഹായം അഭ്യർഥിച്ചതും. സ്ഥലത്തെത്തിയ അഗ്നിശമന സേന ടേൺടേബിൾ ലാഡറുകളും പോർട്ടബിൾ കോവണികളും ഉപയോഗിച്ച് സാഹസികമായാണ് നാല് പേരെ താഴെയിറക്കിയത്. ഒരാൾ ജീവൻ രക്ഷിക്കാൻ അഗ്നിശമന സേന താഴെ വിരിച്ച സേഫ്റ്റി കുഷ്യനിലേക്ക് ജനലിലൂടെ എടുത്തുചാടുകയായിരുന്നു. പരുക്കേറ്റ അഞ്ച് പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഷോർട്ട് സർക്യൂട്ട് പോലുള്ള സാങ്കേതിക തകരാറുകൾ ഒന്നുമില്ലെന്ന് അഗ്നിശമന ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ വ്യക്തമായി. മനഃപൂർവം തീവച്ചതാണെന്ന നിഗമനത്തെ തുടർന്നാണ് കൊലപാതക കുറ്റത്തിന് കേസെടുത്തതും, കെട്ടിടത്തിലെ തന്നെ താമസക്കാരനായ 41 വയസ്സുകാരനെ കസ്ററഡിയിലെടുത്തതും. തീപിടിത്തം ഉണ്ടാകുന്നതിന് തലേദിവസം (ഞായറാഴ്ച ഉച്ചയ്ക്ക്) ഇതേ കെട്ടിടത്തിൽ താമസക്കാർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് പൊലീസ് പട്രോളിങ് സംഘം എത്തിയിരുന്നു. അന്ന് ആരും ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ലെങ്കിലും, ഈ തർക്കത്തിന് തീപിടിത്തവുമായും കൊലപാതകവുമായും എന്തെങ്കിലും ബന്ധമുണ്ടോയെന്നത് അന്വേഷണ സംഘം അതീവ ഗൗരവത്തോടെ പരിശോധിച്ചുവരികയാണ്.



