കാലടി: കൃഷിയിലൂടെ കുടുംബത്തിന് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയോടെ മുന്നോട്ടുപോയ എറണാകുളം കാഞ്ഞൂർ സ്വദേശിയായ കർഷകൻ ലിജോയുടെ വിയോഗത്തോടെ അനാഥമായത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. കൃഷിക്കായി ലോണെടുത്ത കടബാധ്യതയും ജപ്തിഭീഷണിയും ജീവിതം പ്രതിസന്ധിയിലാക്കിയപ്പോൾ ലിജോ ജീവനൊടുക്കി. ഇന്ന് ഭർത്താവിന്റെ വേർപാടിന്റെ വേദനയ്ക്കൊപ്പം ഭീമമായ കടബാധ്യതയും മൂന്ന് മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമായി കഴിയുകയാണ് ഭാര്യ ഷിമി.
15 ഏക്കർ വരെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന അധ്വാനശീലനായ കർഷകനായിരുന്നു ലിജോ. കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷയും ഉപജീവനമാർഗവും. കൃഷി വിപുലപ്പെടുത്തുന്നതിനായി ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തു. എന്നാൽ പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ കൃഷിനാശം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. വരുമാനം നിലച്ചതോടെ വായ്പ തിരിച്ചടയ്ക്കാനാകാത്ത സ്ഥിതിയായി. പിന്നാലെ ജപ്തിഭീഷണിയും കുടുംബത്തെ വേട്ടയാടി. ഏകദേശം 50 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
പഠിക്കണം, ജീവിതം തിരിച്ചുപിടിക്കണം; പക്ഷേ മുന്നിൽ വലിയ പ്രതിസന്ധി
ലിജോയുടെ മൂന്ന് മക്കളുടെയും ഭാവിയാണ് ഇന്ന് വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്. പ്ലസ് ടു പഠനം പൂർത്തിയാക്കി ജർമൻ ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണ് മൂത്ത മകൾ. രണ്ടാമത്തെ മകൾ പ്ലസ് വണ്ണിലും മകൻ ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നത്. മക്കൾക്ക് നല്ലൊരു ഭാവി ഉറപ്പാക്കണമെന്ന ആഗ്രഹത്തോടെ അധ്വാനിച്ച പിതാവ് ഇന്ന് അവർക്കൊപ്പമില്ല.
പഠനം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കേണ്ട പ്രായത്തിൽ മക്കൾക്ക് മുന്നിലുള്ളത് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. പഠനച്ചെലവുകൾ കണ്ടെത്തണം, കടബാധ്യതകൾ പരിഹരിക്കണം, വീടിന്റെ ജപ്തിഭീഷണി ഒഴിവാക്കണം. കുടുംബത്തിന് മറ്റൊരു വരുമാനമാർഗമില്ലാത്ത സാഹചര്യത്തിൽ ഇതെല്ലാം എങ്ങനെ സാധ്യമാക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും.
കൈത്താങ്ങാകാൻ കർഷക സമിതി
ഈ ദയനീയ സാഹചര്യത്തിൽ ലിജോയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കാഞ്ഞൂർ കർഷക സമിതി. സമിതിയിലെ അംഗം കൂടിയായിരുന്ന ലിജോയുടെ കുടുംബത്തിനായി ‘ലിജോ കുടുംബ സഹായനിധി’ രൂപീകരിച്ചു. വീടിന്റെ ജപ്തിഭീഷണി ഒഴിവാക്കുന്നതിനും കടബാധ്യതകൾ പരിഹരിക്കുന്നതിനും മക്കളുടെ തുടർവിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനും സുമനസ്സുകളുടെ സഹായം തേടുകയാണ് സമിതി.
ലിജോയുടെ ഭാര്യ ഷിമിയുടെ പേരിൽ കാലടി കാനറ ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
ഒരു കർഷകന്റെ വിയോഗത്തോടെ പ്രതിസന്ധിയിലായ ഈ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സമൂഹത്തിന്റെ കരുതൽ ആവശ്യമാണ്. മക്കളുടെ പഠനം മുടങ്ങാതിരിക്കാനും കുടുംബത്തിന് സുരക്ഷിതമായൊരു ഭാവി ഉറപ്പാക്കാനും കർഷക സുഹൃത്തുക്കളും നാട്ടുകാരും സുമനസ്സുകളും കൈകോർക്കണമെന്നാണ് കർഷക സമിതിയുടെ അഭ്യർഥന.
Name. Shimi Lijo
Bank. Canara bank kalady.
SB.no. 110336806693
IFSC code. CNRB0002921
MICR code. 682015027
SWIFT code. CNRBINBBBFD
Googl pay no. 9847 901293 Shimi Lijo



