കാഞ്ഞൂർ: സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി കാഞ്ഞൂരിന്റെ രണ്ട് യുവതാരങ്ങൾ കേരളത്തിന്റെ അഭിമാനമായി. ഗ്രൂപ്പ്2 വിഭാഗത്തിൽ മത്സരിച്ച ഇന്ദ്രാണി എം. മേനോൻ അഞ്ച് സ്വർണ മെഡലുകൾ നേടി വ്യക്തിഗത ചാമ്പ്യനായപ്പോൾ, ഗ്രൂപ്പ്3 വിഭാഗത്തിൽ ഡേവിഡ് ജോൺ ജിജോ മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ഇരുവരും അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളാണ്. ഇന്ദ്രാണി ഒമ്പതാം ക്ലാസിലും ഡേവിഡ് ജോൺ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ മത്സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ പങ്കെടുത്ത കടുത്ത മത്സരത്തിലാണ് ഇരുവരും ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. എറണാകുളം ജില്ലയിൽ നിന്ന് ഒരേ വിദ്യാലയത്തിലെ രണ്ട് വിദ്യാർഥികൾ ഒരേസമയം വ്യക്തിഗത ചാമ്പ്യൻമാരാകുന്നത് അപൂർവ നേട്ടമായാണ് കായികലോകം വിലയിരുത്തുന്നത്. ഓഗസ്റ്റിൽ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇരുവരും മത്സരിക്കും. ഇവരുടെ പരിശീലകൻ അനിൽ കുമാർ ആണ്.
സംസ്ഥാന നീന്തൽ വേദിയിൽ കാഞ്ഞൂരിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ഈ നേട്ടം ദേശീയതലത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.



