കാലടി: ഏഴാമത് മലയാള പുരസ്‌കാരങ്ങൾ പ്രഖാപിച്ചു. മികച്ച ചാക്യാർ കൂത്ത് കലാകാരനായി ഡോ: എടനാട് രാജൻ നമ്പ്യാരെ തിരഞ്ഞെടുത്തു. സ്വദേശത്തും വിദേശത്തുമായി ഇതിനോടകം പതിനായിരത്തിലതികം വേദികളിൽ കൂത്തും പാഠകവും അവതരിപ്പിച്ചിട്ടുണ്ട് എടനാട് രാജൻ നമ്പ്യാർ. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി സെമിനാറുകളിൽ ക്ഷേത്രകലകളെ ആധാരമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഹാസ്യരസത്തിന്റെ അഭിനയം ചാക്യാർകൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തിൽ ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടി. രാജൻ നമ്പ്യാർ കൂത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് തുറവൂർ നരസിംഹമൂർത്തി മഹാക്ഷേത്ര സേവാ സമിതി നാട്യശ്രീ പുരസ്‌ക്കാരം നൽകി ആദരിച്ചു.
നാട്യശ്രീ പുരസ്‌ക്കാരത്തിന് പുറമെ ഹൈദരാബാദ് മൈത്രി അവാർഡ്, സൂത വിദൂഷകരത്‌നം, ഗുരുവായൂരപ്പൻ മെഡൽ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾക്ക് രാജൻ നമ്പ്യാർ അർഹനായിട്ടുണ്ട്. പ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരിയും പാഠക ലോകത്തെ ആദ്യത്തെ സ്ത്രീ ശബ്ദവും ആയ നിര്യാതരായ തങ്കം നങ്ങ്യാരും അച്ഛൻ തൃക്കാരിയൂർ കൃഷ്ണൻ നമ്പ്യാരുമാണ് ഗുരുക്കന്മാർ. സഹോദരൻ ഹരികൃഷ്ണൻ മിഴാവുകാരനാണ്. മഞ്ഞപ്ര പൈങ്കൽ വാര്യത്തെ ജയലക്ഷ്മിയാണ് ഭാര്യ. മകൻ യദുകൃഷ്ണൻ. എറണാകുളം ജില്ലയിലെ മഞ്ഞപ്ര കാർപ്പിള്ളിക്കാവിന് സമീപത്താണ് താമസം.