കാലടി: മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ടാപ് ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് 26, 27 തീയതികളിൽ കാലടിയിൽ നടക്കും. അദ്ധ്യാപികമാരെ കൂടാതെ ഉദ്യോഗസ്ഥകളും ജൂനിയർ കലാകാരികളും പങ്കെടുക്കും. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ശ്രീശങ്കര നാട്യസഭയുടെ സഹകരണത്തോടെയാണ് പരിപാടി അരങ്ങേറുക. നൃത്തപ്രതിഭകളെ വാർത്തെടുക്കുന്ന തരംഗം, അരങ്ങ്, പരമ്പര എന്നീ പ്രൊജക്റ്റ്‌കളിൽ പരിശീലനം നേടിയ കലാകാരികളാണ് ടാപ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. പ്രത്യേക പരിശീലനരീതിയും ടാപ് ഫെസ്റ്റിവൽ എന്ന ആശയവും രുപകരിച്ചിട്ടുള്ളത് കലാസംഘാടകനായ പ്രൊഫ. പി. വി. പീതാംബരനാണ്. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നാട്യമണ്ഡപത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
ആദ്യദിവസത്തെ പരിപാടിയിൽ 37 കലാകാരികൾ പങ്കെടുക്കും. രണ്ടാം ദിവസം ഉദ്യോഗസ്ഥകളും സീനിയർ കലാകാരികളുമായ എ. എസ്. ഷിംന, എലിസബത് ജാൻസി എന്നിവർ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന സോളോ, യുഗ്മ നൃത്തപരിപാടികൾ അവതരിപ്പിക്കും. 9 വർഷത്തെ പരിശീലനത്തിനു ശേഷമാണ് തൃശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. അദ്ധ്യാപിക ഷിംനയും റിലയന്റ്സ് ക്രെഡിറ്റ് ഇന്ത്യ ലിമിറ്റഡ് പെരുമ്പാവൂർ ബ്രാഞ്ച് മാനേജർ എലിസബത്ത് ജാൻസിയും വേദിയിൽ എത്തുന്നത്. ചെറുപ്പത്തിൽ പുർത്തീകരിക്കാൻ കഴിയാത്ത ആഗ്രഹത്തിന്റെ സഫലീകരണമാണ് ടാപ് ഫെസ്റ്റിലുടെ ഇവർ കൈവരിക്കുന്നത്. സ്കൂൾ ഡയറക്ടരും നർത്തകിയുമായ സുധാ പീതാംബരന്റെ കീഴിലാണ് ഇവർ നൃത്തം പഠിക്കുന്നത്. കഴിഞ്ഞ 3 മാസമായി കലാകാരികളായ വി. ആർ. അക്ഷര, അനില ജോഷി, എൻ. എസ് പ്രതിഭ എന്നിവരും പരിശീലനം നൽകുന്നു. വൈകീട്ട് 7 മുതൽ 9 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.
ഡോ. സി. പി. ഉണ്ണികൃഷ്ണൻ, ഡോ. എടനാട് രാജൻ നമ്പ്യാർ, കെ. ടി. സലിം. എ. ആർ. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളാകും.എച്ച്. ശ്രീകുമാർ, കെ. പി. വേണുഗോപാൽ, എ. കെ രഘുനാഥൻ, എ. അനിൽകുമാർ, ജോയ് പോട്ട, ബാബു. വി. കെ, എ. എൽ . സുരേന്ദ്രൻ, വിജീഷ് തൃശ്ശൂർ, മുരുഗൻ ആലുവ എന്നിവർ പിന്നണിയിൽ പ്രവർത്തിക്കും