കാലടി : കാലടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ വാഴയിൽ പറമ്പിൽ മണി ബാലൻ ദമ്പതികൾക്ക് മഴ നനയാതെ കഴിയാം. വീടിന് മേൽകൂര നിർമിച്ച് നൽകിയിരിക്കുകായാണ് കാലടിയിലെ സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ ശ്രീനിവാസൻ. വർഷങ്ങളായി ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു കുടുംബം ജീവിതം തള്ളി നീക്കിയിരുന്നത്. മണിയും. ഭർത്താവ് മാരനും, രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ഈ കുടുംബം.
ലൈഫ് ഭവന പദ്ധതി വഴി ഇവർക്ക് വീടിനുളള പണം അനുവദിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഇവർക്ക് വീട് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വില കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചിരിക്കുകയായിരുന്നു. ഇവരുടെ അവസ്ഥ വാർഡ് മെമ്പർ സ്മിതാ ബിജു സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ ശ്രീനിവാസന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് പൈപ്പും ഷീറ്റും ഉപയോഗിച്ച് മഴ നനയാതെ കിടന്നുറങ്ങാനും ഭക്ഷണം പാചകം ചെയ്യാനും കഴിയുന്നതരത്തിൽ പണി പൂർത്തിയാക്കി നൽകി ശ്രീനിവാസൻ.
ശാരീരിക അസ്വസ്ഥതയുള്ള മണിക്ക് നടക്കാൻ ബുദ്ധിമുട്ടാണെങ്കിലും ലോട്ടറി ടിക്കറ്റ് വിറ്റാണ് ജീവിച്ച് വരുന്നത്. വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും മഴ നനയാതെ അടുച്ചുറപ്പുള്ള വീട്ടിൽ കഴിയാൻ കഴിഞ്ഞതിൽ മണിയും ബാലനും പെൺമക്കളും സന്തോഷത്തിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളിയും വാർഡ് മെമ്പർ സ്മിത ബിജുവും സായി ശങ്കര ശാന്തികേന്ദ്രം ഡയറക്ടറുടെ സമയോചിതമായ ഇടപെടലിൽ അഭിനന്ദിച്ചു.