ഇടുക്കി: ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മൊത്തവ്യാപാരികളുടെയും വ്യവസായ പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിളിച്ചു ചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
വിലവിവര പട്ടിക എല്ലാവരും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം. മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ വ്യാപാരികള്‍ പരമാവധി ശ്രമിക്കണം. മികച്ച സേവനം നല്‍കുന്നത് ബിസിനസ് വര്‍ധിക്കാന്‍ ഇടയാക്കും. മികച്ച ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കും മികച്ച ബിസിനസ് വ്യാപാരികള്‍ക്കും സമ്മാനിക്കാന്‍ വരുന്ന ഓണക്കാലത്തിന് കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.
വ്യാപാരികള്‍ക്ക് തദ്ദേശഭരണസ്ഥാപങ്ങളില്‍ നിന്ന് ലൈസന്‍സ് പുതുക്കി ലഭിക്കാന്‍ കാലത്താമസം നേരിടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. കച്ചവട സ്ഥാപനങ്ങളുടെ മുമ്പില്‍ വാഹനങ്ങളില്‍ എത്തി വ്യാപാരം നടത്തുന്നവര്‍ കടകളിലെ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലുള്ള സമീപനം സ്വീകരിക്കണം. ഇവരുടെ അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ലീഗല്‍ മെട്രോളജി പരിശോധിച്ച് ഉറപ്പാക്കും. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുമെന്നും താലൂക് സപ്ലൈ ഓഫീസര്‍മാര്‍ ഇതിന് നേതൃത്വം നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ, ലീഗല്‍ മോട്രോളജി, പൊതുവിതരണം, പൊലീസ്, ഫുഡ് സേഫ്റ്റി ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലാ കളക്ടറുടെ നേത്യത്വത്തില്‍ ജില്ലയിലാകെ പരിശോധന നടത്തി വരുകയാണ്. ഇതുവരെയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 447 പരിശോധനകള്‍ നടത്തി. 32 ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കളക്ടര്‍ അറിയിച്ചു.