കാലടി: ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്കാരവുമാണെന്ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്ദേമാതരം’ പോലുള്ള ഗാനങ്ങൾ ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യവും ആത്മാഭിമാനവും വളർത്തിയിട്ടുണ്ട്. തന്റെ യാത്ര ഇന്ത്യയിലെ അഴിമതിക്കും ആക്രമണത്തിനും എതിരെയാണ്. രാജ്യത്തിന്റെ ഭാവി യുവജനങ്ങളിലാണെന്നും ലോകത്തെ നയിക്കേണ്ടത് യുവതലമുറയാണെന്നും
ആനന്ദ ബോസ് പറഞ്ഞു.
ആദി ശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. സിനിമ താരം ശോഭന ആദിശങ്കര പ്രിൻസിപ്പാൾ ഡോ. എം എസ് മുരളി, സൈൻ ഭട്ടാചാര്യ, ഡോ. എസ് ശ്രീപ്രിയ, സംഗീത മധു, സന്ധ്യ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യാത്ര ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദും സിനിമ താരം ശോഭനയും ചേർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി ആദിശങ്കര ജന്മഭൂമിയിലെ മണ്ണ് ആദിശങ്കരയിലെ വിദ്യാർഥി പ്രതിനിധികളും, നാഷണൽ സർവ്വീസ് സ്‌കീം വളണ്ടിയർമാരും ചേർന്ന് ഗവർണർക്ക് കൈമാറി.
ഗവർണേഴ്സ് എക്സലൻസ് അവാർഡുകളായ വന്ദേമാതരം പുരസ്‌ക്കാരങ്ങൾ സിനിമ താരം ശോഭനക്കും, എഴുത്ത്കാരി സംഗീത മധുവിനും, വന്ദേമാതരം യങ്ങ് ടാലന്റ് അവാർഡ് എഴുത്ത്കാരി സന്ധ്യ രാജേന്ദ്രനും ഗവർണർ സമ്മാനിച്ചു. ചടങ്ങിൽ ഡോ. സി. വി ആനന്ദ ബോസ് എഴുതി മനു രമേശ് ചിട്ടപ്പെടുത്തിയ കെ കെ നിഷാദ് പാടിയ വന്ദേ ഭാരതം വന്ദേ ബങ്കിം ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം നടന്നു. ആദിശങ്കരയിൽ ഗവർണർ വൃക്ഷതൈ നടുകയും ചെയ്തു.
വന്ദേമാതരം വന്ദേ വിരാസത് യാത്രയുടെ ഭാഗമായി ഡോ. സി വി ആനന്ദ ബോസ് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് പ്രമുഖ വ്യക്തികളുടെ ജന്മസ്ഥലം സന്ദർശിക്കും. യുവതലമുറയുടെ കഴിവ് തിരിച്ചറിഞ്ഞ് അവരുടെ ഹൃദയങ്ങളിൽ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, ദയ, കരുണ എന്നീ മൂല്യങ്ങളെ ഉത്തേജിപ്പിച്ച് അവരോടൊപ്പം രാജ്യത്തിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കുകയാണ് യാത്രയുടെ ലക്ഷ്യം.



