ലഖ്നൗ: ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയ്ക്കൊപ്പം ഇടിമിന്നലും. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 ലധികളം ആളുകൾ മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ ഇടിമിന്നലാക്രമണത്തിലാണ് വ്യത്യസ്ത സ്ഥലങ്ങളിലായി 38 ഓളം പേർ മരിച്ചത്. ദുരന്തം വിതയ്ക്കുന്ന മൺസൂൺ വെള്ളപ്പൊക്കത്തിനിടയിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് 4 നും 6നും ഇടയിലാണ് ശക്തമായ മഴയക്കൊപ്പം ഇടിമിന്നലുണ്ടായത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. പൂർവാഞ്ചലിൽ 10, സുൽത്താൻപൂരിൽ 7, ചന്ദൗലിയിൽ 6, മെയിൻപുരിയിൽ 5, പ്രയാഗ്‌രാജിൽ 4, ഔറയ്യ, ഡിയോറിയ, ഹത്രാസ്, വാരണാസി, സിദ്ധാർത്ഥനഗർ എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലേറ്റ് മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഈ ജില്ലകളിലെ 12 ലധികം ആളുകൾക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഇവർ വ്യത്യസ്ത ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.