ആലുവ: ധനുമാസത്തിലെ തിരുവാതിര നാളിൽ ഭക്തർക്ക് ദർശനപുണ്യം നൽകി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങൾ ഉമാമഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വർണ്ണാഭമായ തിരുവാഭരണ ഘോഷയാത്ര വൈകിട്ട് നാലുമണിയോടെ അകവൂർ മനയിൽ നിന്നാണ് ആരംഭിച്ചത്. മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഉമാമഹേശ്വരന്മാർക്ക് ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും മനയിലെ കാരണവരിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ചു.
വിവിധ വാദ്യമേളങ്ങളുടെയും പൂക്കാവടികളുടെയും അകമ്പടിയോടെ പഞ്ചാക്ഷരീ മന്ത്രങ്ങൾ ഉരുവിട്ട് നീങ്ങിയ ഘോഷയാത്രയിൽ നൂറുകണക്കിന് ബാലികമാരും യുവതികളും പൂത്താലങ്ങളേന്തി അണിനിരന്നു. ഘോഷയാത്ര വീക്ഷിക്കുന്നതിനായി വീഥികൾക്കിരുവശവും നൂറുകണക്കിന് ഭക്തജനങ്ങളാണ് തിങ്ങിനിറഞ്ഞത്.മൂന്നര മണിക്കൂർ പിന്നിട്ട് ഘോഷയാത്ര രാത്രി ഏഴര മണിയോടെ ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി രഥത്തിൽ നിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളിൽ അണിയിച്ചു.പിന്നീട് ക്ഷേത്രം ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ ഉറ്റതോഴി സങ്കല്പമായ പുഷ്പണിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ദേവിയുടെ തിരു നടക്കു മുന്നിലെത്തിയതോടെ നട തുറക്കുന്നതിനായുള്ള ചടങ്ങുകൾ ആരംഭിച്ചു.
ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി സമുദായ തിരുമേനിയുട നിർദ്ദേശപ്രകാരം ബ്രാഹ്മണിയമ്മ നടതുറക്കുവാൻ പറയുകയും മേൽശാന്തി ശ്രീ പാർവതീ ദേവിയുടെ നട തുറക്കുകയും ചെയ്തു. രാത്രി എട്ടുമണിക്ക് തിരുനട ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നപ്പോൾ ദേവി സ്തുതികളാൽ ക്ഷേത്ര പരിസരം മുഖരിതമായി. ഒരു വർഷം നീണ്ട കാത്തിരിപ്പിൻ്റെ സാഫല്യത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ചടങ്ങുകൾ ദർശിക്കാനായി തിങ്ങിനിറഞ്ഞിരുന്നത്. ദർശനത്തിനുശേഷം രാത്രിയിൽ ദേവിയെ സ്തുതിച്ചു കൊണ്ടുള്ള തിരുവാതിര കളിയും പൂത്തിരിവാതിര ചടങ്ങുകളും പാതിരാപൂ ചൂടലും ക്ഷേത്രത്തിൽ നടന്നു.ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ എ പ്രസൂൺ കുമാർ, വൈസ് പ്രസിഡൻറ് പി യു രാധാകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി അശോകൻ കൊട്ടാരപ്പിള്ളി, മാനേജർ എം കെ കലാധരൻ, ഊരാൺമ പ്രതിനിധികളായ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, അകവൂർ ശങ്കരൻ നമ്പൂതിരിപ്പാട്, അകവൂർ ഹരി, വെടിയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ നടതുറപ്പ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.
ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിന് 30000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സാധാരണ ക്യൂവിനുള്ള പന്തലും വെർച്ച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളവർക്ക് 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലും തയ്യാറാക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് പുഷ്പാഞ്ജലികൾ, ധാര, ബ്രാഹ്മണിപ്പാട്ട് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനും പട്ട്, പുടവ, ഇണപുടവ, താലി, തൊട്ടിൽ, വാൽക്കണ്ണാടി എന്നിവ ദേവിക്ക് സമർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട് .ദേവിപ്രസാദമായ അരവണ പായസം, അപ്പം,അവൽ നിവേദ്യം എന്നിവ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ നിന്ന് ലഭിക്കും . ദേവിയുടെ പ്രധാന വഴിപാടായ മഞ്ഞൾ പറ, മഹാദേവന് എള്ള് പറ മുതലായ പറകൾ നിറയ്ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മുതൽ ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടാകും.
നടതുറപ്പ് വേളയിൽ രാവിലെ 4 മുതൽ ഉച്ചക്ക് 1.30 വരേയും 2 മുതൽ രാത്രി 9 വരെയുമാണ്ദർശനം സാധ്യമാകുക. കെ എസ് ആർ ടി സി ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി മുതലായ ഡിപ്പോകളിൽ നിന്നും തിരുവൈരാണിക്കുളത്തേക്ക് പ്രത്യേക ബസ് സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.ആലുവായിൽ നിന്നും പെരുമ്പാവൂരിൽ നിന്നും വരുന്ന ഭക്തജനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ് റൂട്ടിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിച്ച് മാറമ്പള്ളി ജംഗ്ഷനിൽ എത്തി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. കാലടി വഴി വരുന്നവർ കാലടി ആലുവ റോഡിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിച്ച് ശ്രീമൂലനഗരം വല്ലം റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം. ദേശീയ പാത വഴി വരുന്നവർക്ക് ദേശം, ചൊവ്വര, ശ്രീമൂലനഗരം വഴിയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. നടതുറപ്പ് മഹോത്സവം ജനുവരി 6 നാണ് സമാപിക്കുക.