ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവം 26 മുതൽ ജനുവരി 6 വരെ ആഘോഷിക്കും. നടതുറപ്പുത്സവത്തിൻ്റെ സുഗുമമായ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നടതുറപ്പ് മഹോത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര 26 ന് വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. വാദ്യമേളങ്ങൾ, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ പ്രത്യേകം അലങ്കരിച്ച തേരിൽ ദേവിയുടെ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ച് രാത്രി 8 ന് ആചാരങ്ങളോടെ തിരുനട തുറക്കുന്നതോടെ നടതുറപ്പ് മഹോത്സവത്തിന് സമാരംഭമാകും.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ രാത്രി 9 വരെ ദേവീദർശനം സാധ്യമാകും. ഭക്തജനങ്ങൾക്ക് ‘സൗകര്യപൂർവ്വം ദർശനം നടത്തുന്നതിനായി 50000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ക്യുവിൽ നിൽക്കുന്ന ഭക്തർക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളം നൽകും.ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ പട്ട്, പുടവ, ഇണപ്പുടവ, താലി, തൊട്ടിൽ, വാൽക്കണ്ണാടി തുടങ്ങിയവ ദേവിക്ക് സമർപ്പിക്കുന്നതിനും പുഷ്‌പാഞ്ജലികൾ, ധാര മുതലായ വഴിപാടുകൾ നടത്തുന്നതിനും ക്യൂവിൽതന്നെ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി ദർശന ദിവസവും സമയവും ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിന് www.thiruvairanikkulamtemple.org എന്ന ക്ഷേത്ര വെബ് സെറ്റ് സന്ദർശിച്ച് ലളിതമായ നടപടി ക്രമങ്ങളോടെ വെർച്വൽ ക്യു ബുക്ക് ചെയ്യാവുന്നതാണ്.
വെർച്വൽ ക്യു ബുക്ക് ചെയ്തിട്ടുള്ളവർക്ക് ബാർക്കോഡ് അടങ്ങിയ ബുക്കിംഗ് രസീത് ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടുകളിലെ വെരിഫിക്കേഷൻ കൗണ്ടറുകളിൽ നിന്നും ദർശന പാസ്സ് ലഭിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ദർശനത്തിന് ശേഷം പ്രധാന വഴിപാടുകളായ മഞൾ, എള്ള് മുതലായ പറകൾ നിറക്കുന്നതിനും ദേവീപ്രസാദമായ അരവണ പായസം, അപ്പം, അവൽ നിവേദ്യങ്ങൾ ലഭിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. നിവേദ്യങ്ങൾ അടങ്ങിയ പ്രസാദകിറ്റും ലഭിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ 9.30 മുതൽ 1 വൈകിട്ട് 3 വരെ അന്നദാനം ഉണ്ടാകും.സംസ്ഥാന സർക്കാരിൻ്റെ ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അന്നദാന മണ്ഡപത്തിലാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. കെ എസ് ആർ ടി സി ആലുവ ,പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിൽ നിന്ന് പ്രത്യേക ബസ് സർവ്വീസ് നടത്തുന്നതിന് പുറമെ തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുത്തി ദീർഘദൂര സർവീസുകളും ആരംഭിക്കും.ആരോഗ്യ വിഭാഗം മാറമ്പിള്ളി, ശ്രീമൂലനഗരം ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ഉത്സവത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന താൽക്കാലിക കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, വില നിയന്ത്രണവും ഉറപ്പാക്കാർ ഭക്ഷ്യവകുപ്പും, ശുദ്ധജല ലഭ്യതക്കായി ജലവിതരണവകുപ്പും, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ കെ എസ് ഇ ബി യും രംഗത്തുണ്ടാകും. കർശനമായ ഹരിത പ്രോട്ടൊക്കോൾ പാലിച്ചുകൊണ്ട് നടത്തുന്ന നടതുറപ്പുത്സവത്തിനെത്തുന്ന ഭക്തർ ഒറ്റതവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഭക്തജനങ്ങളെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ക്ഷേത്രം 5 പാർക്കിംഗ് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.തെക്കൻ ജില്ലകളിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ ആലുവ -അങ്കമാലി റോഡിൽ ദേശം കവലയിൽ നിന്നൊ, ആലുവ- പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ മഹിളാലയം പാലത്തിലൂടെയൊ തിരിഞ്ഞ് ശ്രീമൂലനഗരം-വല്ലം റോഡിൽ പ്രവേശിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരാം. വടക്കൻ ജില്ലയിൽ നിന്ന് വരുന്നവ എം സി റോഡിലൂടെ കാലടിയിൽ വന്ന് വലത്തോട്ട് തിരിഞ്ഞ് ക്ഷേത്രത്തിലെത്താം. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന ചെറിയ വാഹനങ്ങൾ മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് ക്ഷേത്രത്തിൻ്റെ സൗപർണ്ണിക ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. പാലം കടന്നെത്തുന്ന വലിയ വാഹനങ്ങൾ സൗപർണ്ണിക ഗ്രൗണ്ടിൽ ഭക്തരെ ഇറക്കിയ ശേഷം മാറമ്പിള്ളി പാലത്തിന് സമീപത്തെ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തജനങ്ങൾക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനും പോലീസ് സേനക്ക് പുറമെ സെക്യൂരിറ്റി ഗാർഡുകളും വളണ്ടിയർമാരും സേവനത്തിനുണ്ടാകും. ഫയർ ആൻറ് റെസ്ക്യുസേനാംഗങ്ങളും എക്സൈസ് ഉദ്യോഗസ്ഥരും ഇരുപത്തിനാല് മണിക്കൂറും ക്ഷേത്രപരിസരത്ത് സേവനത്തിലുണ്ടാകും.
അൻവർ സാദത്ത് എംഎൽഎ, ജില്ലാ കളക്റ്റർ എസ് എൻ കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ക്ഷേത്രത്തിലേക്കുള്ള അറ്റകുറ്റപണികൾ നടത്തുവാൻ തീരുമാനമായിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തിച്ചേരാനാകാത്ത ഭക്തജനങ്ങൾക്ക് പ്രസാദവും അരവണയുമടങ്ങിയ പ്രസാദകിറ്റ് വീട്ടിൽ എത്തിക്കുന്നതിന് തപാൽ വകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏത് തപാൽ ഓഫീസിലും പ്രസാദ കിറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ എ പ്രസൂൺ കുമാർ, വൈസ് പ്രസിഡൻ്റ് പി യു രാധാകൃഷ്ണൻ, ജോ. സെക്രട്ടറി അശോകൻ കൊട്ടാരപ്പിള്ളി, മാനേജർ എം കെ കലാധരൻ, ട്രസ്റ്റ് അംഗങ്ങളായ പി കെ നന്ദകുമാർ, എ എൻ മോഹനൻ, പി ആർ ഷാജികുമാർ ,കെ ജി ശ്രീകുമാർ, പി കെ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.