കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ശനിയാഴ്ച്ച സമാപിക്കും.ധനുമാസത്തിലെ തിരുവാതിര നാളിൽ ആരംഭിച്ച പന്ത്രണ്ട് ദിവസത്തെ നടതുറപ്പുത്സവം ശനിയാഴ്ച്ച രാത്രി എട്ടിന് നട അടയ്ക്കുന്നടെയാണ് സമാപനമാകുന്നത്. നടതുറക്കുന്നതു പോലെ നടഅടക്കുന്നതിനും ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ നടക്കും.
ശ്രീമഹാദേവന്റെ അത്താഴപൂജയ്ക്കു മുൻപ് രാത്രി ഏഴു മണിയോടെ പാട്ടുപുരയിൽ നിന്നു ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ദർശനം പൂർത്തിയാക്കി ഭക്തരെ നാലമ്പലത്തിൽ നിന്ന് ഒഴിപ്പിക്കും. തുടർന്നാണ് നട അടയ്ക്കുന്നതിനുള്ള പരമ്പരാഗത ആചാരങ്ങൾ ആരംഭിക്കുന്നത്. ക്ഷേത്ര ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെൺമണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടുള്ള സമുദായ തിരുമേനിയും ശ്രീപാർവ്വതിദേവിയുടെ ഉറ്റതോഴി പുഷ്പിണിയായി സങ്കൽപ്പിക്കപ്പെടുന്ന ബ്രാഹ്‌മണി അമ്മയും നടയ്ക്കൽ സന്നിഹിതരാകും. ‘എല്ലാവരും തൃക്കൺ പാർത്തു കഴിഞ്ഞുവോ’ എന്ന് ബ്രാഹ്‌മണി അമ്മ മൂന്നു വട്ടം വിളിച്ചു ചോദിക്കും. ‘ഉവ്വ്’ എന്നു സമുദായ തിരുമേനി പറയും. പിന്നാലെ ‘നട അടപ്പിയ്ക്കട്ടേ’ എന്നു ബ്രാഹ്‌മണി അമ്മ വിളിച്ചു ചോദിക്കും. ‘അടപ്പിച്ചാലും’ എന്നു സമുദായ തിരുമേനി മറുപടി നൽകിയ ഉടൻ ബ്രാഹ്‌മണി അമ്മ ‘നട അടച്ചാലും’ എന്ന് വിളിച്ചറിയിക്കുന്നതോടെ മേൽശാന്തി നട അടയ്ക്കും.
നടയടയ്ക്കാൻ മണിക്കൂറുകൾ മാത്രംശേഷിക്കേ നിരവധി ഭക്തരാണ് ദർശനത്തിനെത്തുന്നത്. ഈ വർഷത്തെ നടതുറപ്പ് മഹോത്സവത്തിന് മുൻകാലങ്ങളെപോലെ തന്നെ വിപുലമായ സംവിധാനങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് സജ്ജമാക്കിയിരുന്നത്. ഭക്തർക്ക് അധിക സമയം ക്യുവിൽ നിൽക്കാതെ വേഗത്തിൽ ദർശനം നടത്തി മടങ്ങുന്നതിന് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ പ്രയോജനകരമായി. വെർച്വൽ ക്യു സംവിധാനമാണ് ഇതിൽ ഏറെ ഗുണംചെയ്ത്.ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിൽപ്പരം ഭക്തർ വെർച്വൽ ക്യു വഴി ദർശനം നടത്തിയതായാണ് കണക്ക്.ശനിയാഴ്ച നടതുറപ്പ് മഹോത്സവം സമാപിക്കുമ്പോൾ വെർച്വൽ ക്യു രണ്ടര ലക്ഷം കവിയുമെന്നാണ് കരുതുന്നത്. മുൻവർഷങ്ങളേക്കാൾ വെർച്വൽ ക്യു ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ വർധനവാണ് കാണിക്കുന്നത്. ലളിതമായ നടപടിക്രമങ്ങളിലുടെ വെർച്വൽ ക്യു ബുക്ക് ചെയ്യുവാൻ കഴിയുമെന്നുള്ളത് ഭക്തർക്ക് ഗുണകരമാകുന്നു. ജില്ലക്ക് പുറത്തുനിന്ന് വരുന്ന ഭക്തരിൽ നല്ലൊരു പങ്കും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. ഭക്തജനങ്ങൾക്ക് ആവശ്യാനുസരണം സൗകര്യപൂർവ്വം വഴിപാടുകൾ നടത്തുന്നതിനും ഭക്തർക്ക് സാധിച്ചിട്ടുണ്ട്.കൂടാതെപറവഴിപാടുകൾ നടത്തുന്നതിനും പട്ട്, താലി, പുടവ, ഇണ പുടവ എന്നിവ സമർപ്പിക്കുന്നതിനും കൗണ്ടറുകളിലെ പ്രവർത്തനം സഹായകരമായി. പുലർച്ചെ മൂന്ന് മണിയോടെ കൗണ്ടറുകൾ തുറന്ന് വഴിപാട് വിതരണം ആരംഭിക്കും.അരവണ, അപ്പം, അവൽ നിവേദ്യം എന്നിവ തയ്യാറാക്കി പൂജിച്ച് മുടക്കം കൂടാതെ ഭക്തർക്ക് വിതരണത്തിനെത്തിക്കാൻ കഴിഞ്ഞു. രാവിലെ 9 മുതൽ ആരംഭിക്കുന്ന അന്നദാനം വൈകീട്ട് നാലിനാണ് സമാപിക്കാറുള്ളത്. വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം മുഴുവൻ സമയവും ലഭ്യമായിരുന്നു. നടതുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. അൻപതോളം
വളണ്ടിയർമാരടങ്ങിയ ഹരിതകർമ്മസേന മുഴുവൻ സമയവും സേവന സന്നദ്ധരായുണ്ട്. ക്ഷേത്രപരിസരം പൂർണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ ഇതുവഴി സാധിച്ചു.