
കാലടി: ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്‌മെൻറ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, വടംവലി, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.
6ന് വൈകീട്ട് 6:30ന് സിനിമാ സംവിധായകൻ വിനയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സിനിമ പിന്നണി ഗായകനായ പ്രകാശ് പുത്തൂർ (പ്രകാശ് സംരംഗ്) നയിക്കുന്ന പത്തനംതിട്ട ഒറിജിനൽസിന്റെ ഗാനമേള നടക്കും തുടർന്നുളള ദിവസങ്ങളിൽ വൈകീട്ട് 6.30 മുതർ 10 വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രദേശികമായ കലാകരൻമാരുടെയും കലാകാരികളുടെയും പരിപാടികൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
ഫെസ്റ്റിന്റെ ഭാഗമായി മൈതാനത്തിന്റെ പല ഭാഗങ്ങളിൽ ഭക്ഷണശാലകളും കച്ചവട സ്ഥാപനങ്ങളും കുട്ടികൾക്ക് ആഘോഷിക്കാൻ പാർക്കും ഉണ്ടാകും. ഫെസ്റ്റിനോടനുബന്ധിച്ച് മെഗാ നറുക്കെടുപ്പും, ദിവസവും ഫെസ്റ്റിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ഉണ്ട്. ഇലട്രിക് സ്‌കൂട്ടർ ഉൾപ്പെടെ വിവിധ സമ്മാനങ്ങളാണ് മെഗാ നറുക്കെടുപ്പിൽ. സമാപന ദിവസം പ്രശസ്ത നാടൻ പാട്ടുകാരി രമ്യ കൂറ്റനാട് നയിക്കുന്ന വള്ളുവനാടൻ ഫോക്ക് അക്കാദമിയുടെ നാടൻ പാട്ട് അരങ്ങേറും.
ഫെസ്റ്റിന് മുന്നോടിയായി ഇരുചക്ര വിളംമ്പര റാലിയും, മാരത്തോണും നടക്കും. 5ന് വൈകീട്ട് 4.30 ന് ഇരുചക്ര വിളംമ്പര റാലി. കൈലാസം വെൽനസ്സ് പാർക്കിൽ നിന്ന് ആരംഭിച്ച് ശ്രീഭൂതപുരം വഴി ശ്രീമൂലനഗരം, കാഞ്ഞൂർ, പുതിയേടം തൃക്കണിക്കാവ്, തിരുവൈരാണിക്കുളം, കുന്നുവഴി, കൈപ്പൂരിക്കര, മാറമ്പിള്ളി വഴി തിരികെ വെൽനസ്സ് പാർക്കിലെത്തുന്ന വിധമാണ് വിളംബര റാലി നടത്തുന്നത്. 6 ന് രാവിലെ 6:30ന് ആരംഭിക്കുന്ന മാരത്തോണിൽ പുരുഷ-വനിത വിഭാഗങ്ങളിലായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000,3000,2000 രൂപ സമ്മാനമായി നൽകും. അഖിലേന്ത്യ ബോഡി ബിൽഡിങ്ങ് സ്വർണ്ണ മെഡൽ ജേതാവ് ഡോ: പീറ്റർ ജോസഫ് മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്യും. വിജയികൾക്ക് ഇന്റർനാഷണൽ ജൂഡോ റഫറി ജെ.ആർ രാജേഷ് സമ്മാനങ്ങൾ നൽകും. ഫെസ്റ്റിന്റെ വിജയത്തിനായി 101 അംഗ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. രണ്ടാം തവണയാണ് ഫെസ്റ്റ് നടത്തുന്നത്.