അങ്കമാലി:വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടിയുമായി വനംവകുപ്പ്. മലയാറ്റൂർ ഡിവിഷനൽ ഫോറസ്‌റ്റ് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള (പിസികെ) ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു തീരുമാനം. കഴിഞ്ഞ ദിവസം പ്ലാന്റേഷൻ കോർപറേഷൻ പതിമൂന്നാം ബ്ലോക്കിൽ കുളിരാംതോടു ഭാഗത്തു വനമേഖലയിലേക്ക് കയറിയ കാർ കാട്ടാന തകർത്തിരുന്നു. കുറച്ചു ദിവസം മുൻപ് കുളിരാംതോടു ഭാഗത്തു കാട്ടാന സ്കൂട്ടർ യാത്രക്കാരെ ആക്രമിച്ചിരുന്നു.
പിസികെ പാട്ടത്തിന് എടുത്ത വനഭൂമിയിലെ റോഡിലൂടെ അനധികൃതമായി പെതുജനങ്ങൾ പ്രവേശിച്ചാൽ വന്യജീവി സംരക്ഷണ നിയമം, കേരള വനനിമം എന്നിവ അനുസരിച്ച് കേസെടുക്കും. പ്ലാന്റേഷൻ ജീവനക്കാർ നേരിട്ടു പൊതുജനങ്ങളെ കൊണ്ടുവന്നാൽ അവർക്കെതിരെയും ഇതേ നടപടിയുണ്ടാകും. വന്യജീവികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നതും അവയുടെ ചിത്രങ്ങൾ പകർത്തുന്നതും അനുവദിക്കില്ല. വനഭൂമിയിലെ റോഡിന്റെ വശങ്ങളിൽ അനാവശ്യമായി വാഹനം നിർത്തിയിട്ടു സംഘർഷ സാധ്യത കൂട്ടുന്നതും മറ്റു നിയമവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പും പിസികെയും നിയമ നടപടികളെടുക്കും.
പിസികെയുടെ ചെക്ക് പോസ്‌റ്റുകളിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്കു സമയം രേഖപ്പെടുത്തിയ സ്ലിപ് നൽകും. സ്ലിപ് നൽ കുന്നതിലൂടെ അനധികൃതമായി റോഡിന്റെ വശങ്ങളിൽ തങ്ങി അപകടമുണ്ടാക്കാനുള്ള സാധ്യത കുറയ്ക്കാനാകും. 5 മണിക്കു ശേഷം സ്വകാര്യ വാഹനങ്ങ ളുടെ പ്രവേശനം നിരോധിക്കും. പിസികെ ജീവനക്കാരുടെ വാഹനങ്ങൾ തിരിച്ചറിയുന്നതിനു പ്രത്യേക സ്‌റ്റിക്കർ പതിപ്പിക്കും. പ്ലാന്റേഷൻ ചെക്ക് പോസ്‌റ്റുകളിലെ സെക്യൂരിറ്റി ക്യാമറകൾ പ്രവർത്തനക്ഷമമ പ്രവർത്തനക്ഷമമാക്കും. മനുഷ്യ – വന്യജീവി സംഘർഷം ലഘുകരിക്കാൻ സംഘർഷ സാധ്യത കൂടിയ മേഖലകളിൽ പിസികെ വാച്ചർമാറുടെ ഡ്യൂട്ടി സമയം ദീർഘിപ്പിക്കും. ഡ്യൂട്ടി സമയത്തു വാ ച്ചർമാരും ജീവനക്കാരും തിരിച്ചറി യൽകാർഡ് ധരിക്കണമെന്നതും നിർബന്ധമാക്കി.
വനപാതയിലു ടെയുള്ള യാത്രക്കാർക്കുളള നിർദേശങ്ങൾ ഉൾപ്പെടുത്തിയ നോട്ടിസ് ബോർഡും അപകട സാധ്യത മുന്നറിയിപ്പു ബോർഡുകളും വനംവകുപ്പും പിസികെയും ചേർന്നു സ്ഥാപിക്കും. വന്യജീവികളെ കൂടുതലായി കാണുന്ന കുളിരാംതോടു ഭാഗത്തു വാഴച്ചാൽ ഡിവിഷൻ പ്രത്യേക ലൈറ്റ് അനുവദിക്കാനും തീരുമാനിച്ചു.മലയാറ്റൂർ ഡിഎഫ്‌ഒ കുറ ശ്രീ നിവാസ് അധ്യക്ഷത വഹിച്ചു. വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി, മലയാറ്റൂർ ഡിവിഷൻ ഫോറസ്റ്റ് അസിസ്റ്റന്റ് ഡപ്യൂട്ടി കൺസർവേറ്റർ ആർ. സന്തോഷ് കുമാർ, പിസികെ കല്ലാല എസ്റ്റേറ്റ് മാനേജർ സി.ആർ. രഘു, പിസികെ അതിരപ്പിള്ളി എസ്‌റ്റേറ്റ് അസിസ്റ്റന്റ് മാനേജർ ജി. അരുൺകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.