കാലടി: വിദ്യാഭ്യാസ മേഖല തകർക്കാനും അക്കാദമിക സ്വാതന്ത്ര്യം അട്ടിമറിച്ച് വർഗ്ഗീയ അജണ്ട നടപ്പിലാക്കാനുമാണ് ഗവർണ്ണർ ആരീഫ് മുഹമദ് ഖാൻ ശ്രമിക്കുന്നതെന്ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അധ്യാപക സംഘടനയായ അസ്യൂട്ട്. സംഘടനയുടെ ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിൽ ഗവർണറുടെ നടപടികൾക്കെതിരെ പ്രമേയം പാസാക്കി. UGC NET, NEET തുടങ്ങിയ പരീക്ഷകളുടെ വിശ്വാസ്യത തകർത്ത കേന്ദ്ര സർക്കാറിന്റെ പ്രവർത്തനങ്ങൾക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി.
ഏതാനും ദിവസങ്ങളായി പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്റെ പേരിലുള്ള ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ ചുവടുപിടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെയും ഗവേഷണ രംഗത്തെയും അപമാനിക്കുന്ന വിധത്തിലുള്ള ചർച്ചകൾ നടക്കുന്നു. ഈ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുന്നതിന് ആവശ്യമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.
മന്ത്രി എം.ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അതേസമയം കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ബദൽ നടപ്പിലാക്കുന്നതിന് ഉതകുന്ന ഉറച്ച കാൽവെപ്പുകളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് എം.ബി രാജേഷ് പറഞ്ഞു. ആ ബദലുകളെ തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ ചാൻസിലറിലൂടെയും മാധ്യമങ്ങളെ കൂട്ടുപിടിച്ചും കേരളത്തിൽ നടത്തുന്നത്. രാജ്യത്താകമാനം സംഘപരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രമെന്ന നയം വിദ്യാഭ്യാസ മേഖലയിലൂടെ നടപ്പിലാക്കാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. പാഠപുസ്തകങ്ങൾ വർഗീയവൽക്കരിച്ചും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറച്ചും സംസ്ഥാനങ്ങളെ ഞെരുക്കുകയാണ് അവർ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിന്മാറി മൂലധന ശക്തികൾക്ക് ആ മേഖല കൈയ്യടക്കാൻ വേണ്ടുന്ന സാഹചര്യം കേന്ദ്ര സർക്കാർ ഒരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ അസ്യൂട്ട് പ്രസിഡണ്ട് ഡോ.ടി മിനി അധ്യക്ഷയായിരുന്നു. ജനറൽ സെക്രട്ടറി ഡോ. എം സത്യൻ, എ.കെ.ജി.സി.ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സന്തോഷ് ടി വർഗീസ്, എ.കെ.പി.സി.ടി സംസ്ഥാന സെക്രട്ടറി ഡോ. എ.യു അരുൺ, സർവകലാശാലാ റിട്ടയേഡ് അധ്യാപക സംഘടനാ ജനറൽ സെക്രട്ടറി ഡോ. എ. പസ്ലിത്തിൽ, എംപ്ലോയിസ് യൂണിയൻ പ്രസിഡണ്ട് സുഖേഷ് കെ. ദിവാകർ, എ. കെ. ആർ. എസ്. എ. കൺവീനർ ശ്രീഹരി എ.യു, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഖിൽ കൃഷ്ണൻ എന്നിവർ, ഡോ. സുനിത ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഡോ. ബിജു വിൻസെന്റ് പ്രസിഡണ്ടും ഡോ. എം സത്യൻ ജനറൽ സെക്രട്ടറിയും ഡോ. എസ് ഷീബ ട്രഷററുമായുള്ള പുതിയ സംസ്ഥാന പ്രവർത്തക സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.