കാലടി:ഡോ. പ്രൊഫ. കെ. കെ. ഗീതാകുമാരി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു. നിലവിൽ കാലിക്കറ്റ് സർവ്വകലാശാല സംസ്കൃത വിഭാഗം പ്രൊഫസറാണ്. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണനിർവ്വഹണ സമുച്ചയത്തിൽ രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ പി. ബൊക്കെ നൽകി പ്രൊഫ. കെ. കെ. ഗീതാകുമാരിയെ സ്വീകരിച്ചു. ഫിനാൻസ് ഓഫീസർ ശ്രീകാന്ത് എസ്. സന്നിഹിതനായിരുന്നു. ഗീതാകുമാരിയെ വിസിയാക്കി ഗവർണർ ഉത്തരവിറക്കുകയായിരുന്നു. നിലവിലെ വിസിയെ ഗവർണർ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയെ വിസിയെ ഗവർണർ നിയമിച്ചത്.
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ 1994ൽ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രൊഫ. ഗീതാകുമാരി, സർവ്വകലാശാലയുടെ തിരൂർ പ്രാദേശിക ക്യാമ്പസിലെ അധ്യാപികയായിരുന്നു. പിന്നീട് കാലിക്കറ്റ് സർവ്വകലാശാലയുടെ സംസ്കൃത വിഭാഗത്തിൽ 2004ൽ റീഡറായി സർവ്വീസിൽ പ്രവേശിച്ചു. 30 വർഷത്തെ ബിരുദാനന്തരബിരുദ അധ്യാപന പരിചയമുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ നിന്നും സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടി. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, പുരാണേതിഹാസം, ഇംഗ്ലീഷ്, ഫിലോസഫി, ഭാഷാശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദവും ബി. എഡ്., എം. ഫിൽ., ഡിപ്ലോമ ഇൻ പ്രാകൃത് എന്നിവയും നേടിയിട്ടുണ്ട്.
കാലിക്കറ്റ്, കണ്ണൂർ, കേരള സർവ്വകലാശാലകളിൽ ഡോക്ടറൽ കമ്മിറ്റി ചെയർമാനായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ ഫാക്കൽറ്റി ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ കുന്നത്തങ്ങാടി സ്വദേശിനിയാണ്.