കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി.
കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് മൗലവി.
കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
റിയാസ് മൗലവ് വധക്കേസ് വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്.