മൂവാറ്റുപുഴ: രാജു മണ്ഡൽ കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. അസാം സ്വദേശികളായ ബബുൽ ചന്ദ്ര ഗോഗോയ് (36), അനൂപ് ബോറ (35) എന്നിവരെയാണ് മൂവാറ്റുപുഴ അഡീഷ്ണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി ടോമി വർഗ്ഗീസ് ശിക്ഷ വിധിച്ചത്.പ്രതികൾ രണ്ടു പേരും ഓരോ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവായി. നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ ഓരോ വർഷം വീതം തടവും കോടതി വിധിച്ചിട്ടുണ്ട്. പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന മുഹമ്മദ് റിയാസാണ് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്.
2014 ഡിസംബറിൽ പെരുമ്പാവൂർ വെങ്ങോലയിലെ താറാവ് ഫാമിൽ വച്ചാണ് കൊലപ്പെടുത്തിയത്. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ മുഹമ്മദ് റിയാസ് നേതൃത്വം കൊടുത്ത അന്വേഷണ സംഘം ആസാമിൽ നിന്നുമാണ് പിടികൂടിയത്. ദൃക്‌സാക്ഷികളില്ലാതിരുന്ന സംഭവത്തിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ 21 സാക്ഷികളേയും 44 രേഖകളും, 13 മുതലുകളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗം ഹാജരാക്കി. പ്രോസിക്യുഷനു വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ, അഭിലാഷ് മധു എന്നിവർ ഹാജരായി