പെരുമ്പാവൂർ: അഞ്ചുവയസുകാരൻ ഗൗരീഷിന്റെ കുഞ്ഞു മനസ്സുനിറയെ വാഹനങ്ങളോടുള്ള ഇഷ്ടമാണ്. നിരത്തിൽക്കാണുന്ന ഇന്ത്യൻ വാഹനമായാലും വിദേശനിർമ്മിത വാഹനമായാലും അതിന്റെ ലോഗോയിലാണ് അവന്റെ ശ്രദ്ധ ആദ്യം ചെന്നെത്തുന്നത്. കാർ ബ്രാന്റുകളോടാണ് ഏറെ പ്രിയം. ഏറെ പ്രിയം ലോകത്തിലെ ഏതു വാഹനനിർമ്മാണക്കമ്പനിയുടെയും ലോഗോ ഗൗരീഷിന് മനഃപ്പാഠമാണ്.
ലോകത്തിലെ ഏതുവാഹനത്തിന്റെയും ലോഗോ കണ്ടാലുടൻ വാഹനമേതെന്ന് പറയാനുള്ള ഈ കൊച്ചു മിടുക്കന്റെ കഴിവിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരിക്കുകയാണ്. ലാപ്ടോപ്പിൽ പ്രദർശിപ്പിച്ച 110 കാർബ്രാന്റുകൾ ഒരു മിനുട്ട് മുപ്പത് സെക്കന്റുകൊണ്ട് തിരിച്ചറിഞ്ഞു പറഞ്ഞതിനാണ് തൊടാപ്പറമ്പ് വ്യാസവിദ്യാനികേതൻ സ്‌കൂളിൽ യു.കെ.ജിയിൽ പഠിയ്ക്കുന്ന ഗൗരീഷിന് ബുക്ക് ഓഫ് റെക്കോർഡ്‌സ് കിട്ടിയത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ചീഫ് എഡിറ്റർ ഡോ. ബിശ്വരൂപ് റോയ് ചൗധരിയിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു.
പെരുമ്പാവൂരിൽ ചാവിക്കട നടത്തുന്ന മാവേലിപ്പടി മാണിയ്ക്കത്ത് ഭാഗ്യനാഥിന്റെയും കീർത്തനയുടെയും മകനാണ്. മൂന്നു വയസ്സുള്ള നക്ഷത്രയാണ് സഹോദരി.