പാരിസ്: ഫ്രാൻസിലെ പാരിസിൽ ഒളിംപിക്സ് 2024ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശിപ്പിച്ചാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ഫ്രഞ്ച് മൊറോക്കൻ നടൻ ജമെൽ ഡെബ്ബൗസ് വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി ആദ്യം പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഫ്രാൻസ് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി പ്രത്യക്ഷപ്പെട്ടു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി പ്രസിഡന്റ് തോമസ് ബാച്ചും വേദിയിൽ ഉണ്ടായിരുന്നു.
ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച് പാസ്റ്റ് തുടങ്ങി. സെൻ നദിയിലൂടെ ആദ്യം മാർച്ച് പാസ്റ്റിൽ വന്നെത്തിയത് ഗ്രീസ് താരനിരയാണ്. പിന്നാലെ ദക്ഷിണാഫ്രിക്ക, അങ്കോള, അർജന്റീന ടീമുകളാണ് മാർച്ച് പാസ്റ്റിലെത്തിയത്. ബഹ്റൈൻ താരങ്ങൾ എത്തിയതിന് പിന്നാലെയാണ് കായികലോകത്തെ ആവേശത്തിലാക്കി ആദ്യ സംഗീതാവിഷ്കരണം ഉണ്ടായത്. അമേരിക്കൻ പോപ് ഗായിക ലേഡി ഗാഗയുടെ നൃത്ത പ്രകടനം വേദിയെ ആവേശത്തിലാഴ്ത്തി.