പറവൂർ: ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ ആസാം കാംപൂർ നാഗോൺ അയ്ജുൽ ഹക്ക് (34) നെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത് .ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടു വന്ന പത്ത് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. പറവൂർ മന്ദം ജാറപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒരുമിച്ച് വാങ്ങി ചെറിയ അളവുകളിലാക്കിയാണ് വിൽപ്പന.
ഒരു ഡപ്പി രണ്ടായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. തദ്ദേശിയർക്കും, അതിഥി ത്തൊഴിലാളികൾക്കുമിടയിൽ രാത്രികാലങ്ങളിലാണ് കച്ചവടം നടത്തിയിരുന്നത്. പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത്.പി.നായർ, ഷാഹുൽ ഹമീദ്, സീനിയർ സി.പി.ഒ മാരായ ഷെറിൻ ആൻറണി, ടി.എ.അൻസാർ, കൃഷ്ണലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറലിന്‍റെ ഭാഗമായുള്ള പരിശോധനകൾ ജില്ലയിൽ തുടരുകയാണ്. ഇതിന്‍റെ ഭാഗമായി പറവൂർ മേഖലയിൽ നിന്ന് 1.84 കിലോഗ്രാം എം.ഡി.എം.എ, പതിമൂന്ന് കഞ്ചാവ് ചെടികൾ എന്നിവ പോലീസ് പിടികൂടിയിരുന്നു.