പാലക്കാട്: ദേശീയപാതയിൽ കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. കാർ യാത്രികരായ കോങ്ങാട് സ്വദേശികളാണ് മരിച്ചത്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ രാവിലെ നടക്കും. കാറിൻ്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കല്ലടിക്കോട് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 10: 40 ഓടെ മഴയ്ക്കിടെയായിരുന്നു അപകടം. കോങ്ങാട് മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിൻ്റെ മകൻ മുഹമ്മദ് അഫ്സൽ (17), വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരൻ്റെ മകൻ്റെ രമേഷ് (31), കോങ്ങാട് തോട്ടത്തിൽ വീട്ടിൽ വിജയകുമാറിൻ്റെ മകൻ വിഷ്ണു (28), കീഴ്‌മുറി വീട്ടിൽ കൃഷ്ണൻ്റെ മകൻ കെകെ വിജേഷ് (35), തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ വിഘ്നേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ പാലക്കാട്ടേക്ക് പോകുകയായിരുന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയിൽ വന്ന കാർ ലോറിയുടെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു. പോലീസും ഫയർ ഫോഴ്സും നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഒരാൾ ഐസിയുവിൽ വെച്ചാണ് മരിച്ചത്. കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു