ന്യൂഡൽഹി: 2023 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കർ അർജുന അവാർഡിന് അർഹനായി. ഈ വർഷത്തെ അർജുന അവാർഡ് പട്ടികയിലെ ഏക മലയാളി താരം കൂടിയാണ് ശ്രീശങ്കർ. ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയും അർജുന അവാർഡിന് അർഹനായി. ഇവരെക്കൂടാതെ മറ്റു 24 പേർക്കും അർജുന പുരസ്കാരമുണ്ട്.
ബാഡ്മിന്‍റണിലെ മഹത്തായ സംഭാവനകൾക്ക് ബാഡ്മിന്‍റൺ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 2018 കോമൺവെൽത്ത് ഗെയിംസിൽ മിക്സ്ഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം സമ്മാനിക്കുന്നതിൽ നിർണായ പങ്കുവഹിച്ചവരാണ് ഇരുവരും. പുരുഷ ഡബിൾസ് വിഭാഗത്തിൽ വെള്ളിയും നേടി. പിന്നാലെ 2022 ൽ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ സ്വർണവും മിക്സിഡ് ഇനത്തിൽ വെള്ളിക്കും അർഹരായി. അതേവർഷം തന്നെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല നേട്ടം. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ പുരുഷ ഡബിൾസ് ഇനത്തിൽ സ്വർണവും പുരുഷ ടീം ഇനത്തിൽ വെള്ളിയും നേടി.
ദ്രോണാചാര്യ പുരസ്‌കാരം കബഡി കോച്ചും മലയാളിയുമായ ഇ ഭാസ്കരൻ ലഭിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. നിലവിൽ ബെംഗളൂരു സായിയിൽ ഹൈ പെർഫോമൻസ് കോച്ചായി സേവനമനുഷ്ഠിക്കുന്നു. 2023 ൽ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു. 2010 ൽ പുരുഷമാരുടെ ടീമിനും 2014 ൽ വനിതാ ടീമിനും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിക്കൊടുത്തു.
ദേശീയ യുവജന കായിക മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജനുവരി ഒൻപതിന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അർജുന അവാർഡിന് അർഹരായവർ
എം. ശ്രീശങ്കർ (അത്ലറ്റിക്സ്), ഓജസ് പ്രവീൺ, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), പാറുൽ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിങ്), ആർ. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗർവാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗർ (ഗോൾഫ്), കൃഷൻബഹദൂർ പഥക് (ഹോക്കി), പവൻ കുമാർ (കബഡി), റിതു നേഗി (കബഡി),നസ്രീൻ (ഖോ-ഖോ) പിങ്കി (ലോൺ ബോൾസ്), ഐശ്വരി പ്രതാപ് സിങ് തോമർ (ഷൂട്ടിങ്) ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദർ പാൽ സിങ് (സ്ക്വാഷ്), ഐഹിക മുഖർജി (ടേബിൾ ടെന്നീസ്), സുനിൽ കുമാർ (ഗുസ്തി), അന്തിം പംഗൽ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതൽ ദേവി (പാരാ അമ്പെയ്ത്), ഇല്ലൂരി അജയ് കുമാർ റെഡ്ഡി (അന്ധ ക്രിക്കറ്റ്) പ്രാചി യാദവ് (പാരാ കനോയിങ്)