
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്.
27 പാക്കറ്റുകളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് 2000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി എറണാകുളത്ത് അത് ഇരുപതിനായിരം രൂപയ്ക്കാണ് ഇവർ വില്പന നടത്തുന്നത്. കഞ്ചാവുമായി തൃശൂരിലെത്തിയ ഇവർ ഓട്ടോ മാർഗം മൂവാറ്റുപുഴയിലേക്ക് പോകുംവഴിയായിരുന്നു ഡാൻസാഫ് ടീമും പൊലീസും അറസ്റ്റ് ചെയ്യുന്നത്. കഞ്ചാവ് കൊച്ചിയിലെത്തിച്ച് മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വില്പന നടത്തുകയാണ് ഇവർ ചെയ്യുന്നത്. ഇവരിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരങ്ങളും പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും ഇനി വരും ദിവസങ്ങളിലായി നടപടി കടുപ്പിക്കാനാണ് നീക്കം. കൂടുതൽ അറസ്റ്റ് ഇതുമായി ബന്ധപെട്ടുണ്ടാകും.