മൂവാറ്റുപുഴ: മൂവാറ്റുപുഴ വാളകത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ കൊലപ്പെടുത്തിയ കേസ്സിൽ പത്ത് പേർ അറസ്റ്റിൽ. വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ വീട്ടിൽ ഏലിയാസ് കെ പോൾ (55), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ സത്യകുമാർ(56), മക്കളായ കേശവ് സത്യൻ(20), സൂരജ് സത്യൻ (26). അറയൻ കുന്നത്ത് വീട്ടിൽ എമിൽ(27), പുളിക്കപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ(23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം’അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ ഡിവൈഎസ്പി ഏജെ തോമസ്, ഇൻസ്‌പെക്ടർമാരായ ബി കെ അരുൺ, രവി സന്തോഷ്, എസ് ഐ മാരായ ശാന്തി, വിഷ്ണു, ദിലീപ് കുമാർ, പി കെ വിനാസ്, പി കെ ഗിരീഷ്, എഎസ് ഐ മാരായ എം കെ ഗിരിജ, ജയകുമാർ, ജോജി, എസ് സിപിഎ മാരായ അനസ്, ധനേഷ്, നിഷാന്ത് കുമാർ, മിഥുൻ ഹരിദാസ്, ഫൈസൽ, ഷിബു, അനുമോൾ, മജു, ഷണ്മുഖൻ എന്നിവരും ഉണ്ടായിരുന്നു.
ആക്രമണത്തിൽ ഇയാളുടെ ശ്വാസകോശം തകർന്നുപോകുകയും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അശോക് ദാസിനെ കെട്ടിയിട്ട് മർദ്ദിച്ച പ്രതികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഇവ ഫോണിൽ നിന്നും ഡീലീറ്റ് ചെയ്ത നിലയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ പൊലീസ് വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പെൺസുഹൃത്തിനെ കാണാൻ വേണ്ടിയാണ് ഇയാൾ ഇവിടെയെത്തുന്നത്. തുടർന്ന് അശോക് ദാസും പെൺകുട്ടികളും തമ്മിൽ തർക്കമുണ്ടായി. അശോക് വീട്ടിനുള്ളിൽ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം കൂടി മർദ്ദിക്കുകയായിരുന്നു. മർദ്ദന ശേഷം സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽ കെട്ടിയിട്ടു. കെട്ടിയിട്ട ശേഷവും മർദ്ദനം തുടർന്നു. അതിക്രൂര മർദനമാണ് ഈ യുവാവ് നേരിട്ടത്. ശ്വാസകോശം തകർന്നു പോകുകയും തലയുടെ വലതുഭാഗത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടികൾ രജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.