കൊച്ചി: മഞ്ഞുമ്മൽ ബോയ്സിനെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ആയിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും വിളിപ്പിക്കും. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
ജൂണ്‍ 11ന് ആണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്ക് എതിരെ അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. സിനിമാ നിർമ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു. 7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പറവ ഫിലിംസിന്‍റേയും(സൗബിന്‍) പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.