മലയാറ്റൂർ: നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു. 25 മുതൽ 31വരെയാണ് കാർണിവൽ. മലയടിവാരത്ത് 110 ഏക്കർ വിസ്തൃതിയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ടുചിറയ്ക്കു ചുറ്റും 10,024 നക്ഷത്രങ്ങളാണ് ഇത്തവണ കാർണിവലിനായി തൂക്കുന്നത്. 2 നിരകളിലായി വിവിധ വർണത്തിലുള്ള നക്ഷത്രങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ വർഷത്തെ മെഗാ കാർണിവലിലെ കേടുപാടുകൾ വന്നതും നിറം മങ്ങിയതുമായ 3000 നക്ഷത്രങ്ങൾ മാറ്റി ഇത്തവണ അത്രയും പുതിയ നക്ഷത്രങ്ങൾ വാങ്ങിയിട്ടുണ്ട്. പുതിയ നക്ഷത്രങ്ങൾക്ക്് ടോയിൽ കെട്ടുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നക്ഷത്രങ്ങളുടെ കൂടെ ടോയിൽ ഉണ്ടാകുമെങ്കിലും തടാകത്തിനു ചുറ്റും കെട്ടിയതിനു ശേഷം കാറ്റത്ത് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കട്ടിയുള്ള ടോയിൽ കെട്ടുകയാണ് ചെയ്യുന്നത്. കൂടാതെ പഴയ നക്ഷത്രങ്ങൾ പൊടി കളഞ്ഞ് തുടച്ച് വൃത്തിയാക്കിയെടുക്കുന്നു. മലയടിവാരത്തെ നക്ഷത്ര തടാകം ഓഫിസിലിരുന്ന് 6 സ്ത്രീകൾ 2 ആഴ്ചയായി ഈ പ്രവർത്തനങ്ങൾ നടത്തുന്നു.
നക്ഷത്ര തടാകം മെഗാ കാർണിവലിന്റെ മറ്റൊരു പ്രധാന ആകർഷണമായ കൂറ്റൻ പപ്പാഞ്ഞിയുടെ നിർമാണവും ആരംഭിച്ചു. 75 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയാണ് നിർമിക്കുന്നത്. പുതുവർഷ പുലരിയിൽ ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കും. മെഗാ കാർണിവലിന്റെ ഭാഗമായി അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്,സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. കൂടാതെ മണപ്പാട്ടുചിറയിൽ ദിവസവും പകൽ ബോട്ടിങ് നടക്കുന്നുണ്ട്. ജനകീയ വികസന സമിതിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തുടർച്ചയായ 10–ാം വർഷമാണ് മലയാറ്റൂർ മലയടിവാരത്ത് നക്ഷത്ര തടാകം മെഗാ കാർണിവൽ നടത്തുന്നത്.
2015ൽ 5,015 നക്ഷത്രങ്ങൾ തൂക്കിയാണ് നക്ഷത്ര തടാകം മെഗാ കാർണിവൽ ആരംഭിച്ചത്.തുടർന്ന് ഓരോ വർഷവും നക്ഷത്രങ്ങളുടെ എണ്ണവും ആഘോഷവും വർധിച്ചു. 25 നു വൈകിട്ടാണ് ഇത്തവണത്തെ നക്ഷത്ര തടാകത്തിലെ നക്ഷത്രങ്ങൾ മിഴി തുറക്കുന്നത്. 31ന് അർധരാത്രിയിൽ പുതുവർഷത്തെ എതിരേറ്റ് മെഗാ കാർണിവൽ സമാപിക്കും. റോജി എം. ജോൺ എംഎൽഎ (ചെയർമാൻ), പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ (ജനറൽ കൺവീനർ), വിൽസൻ മലയാറ്റൂർ (പ്രോജക്ട് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ 17 കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഇത്തവണ വേസ്റ്റ് മാനേജ്മെന്റിന് പ്രത്യേകം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.