മലയാറ്റൂര്‍: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിത്തോട് ഗവ.യു.പി.സ്കൂളിന് നിലവില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിനും ടോയ്ലറ്റ് ബ്ലോക്കിന്‍റെ നിര്‍മ്മാണത്തിനുമായി 32 ലക്ഷം രൂപയുടെ അംഗീകാരം ലഭ്യമായതായി റോജി എം. ജോണ്‍ എം.എല്‍.എ. വളരെ പഴക്കം ചെന്ന ഷീറ്റ് മേഞ്ഞ, സ്കൂള്‍ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാളുകളായി പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു.
വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഇഴജന്തുക്കളുടേയും, വന്യമ്യഗങ്ങളു ടേയും ശല്യം ഇവിടെ ഉണ്ടാവാറുണ്ട്. സ്കൂളിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോജി എം. ജോണ്‍ എം.എല്‍.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയതിന്‍റെയും തിരുവനന്തപുരത്ത് വച്ച് ചര്‍ച്ച നടത്തിയതിന്‍റേയും അടിസ്ഥാനത്തില്‍ പുതിയ കെട്ടിടത്തിനായി 93 ലക്ഷം രൂപ മുമ്പ് അനുവദിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിനും ടോയ്ലറ്റ് പണിയുന്നതിനുമായി തുക തികയാതെ വന്നതിനാല്‍ തുക അനുവദിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടമായി ഇപ്പോള്‍ 32 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം, വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതും, സാധാരണക്കാരുടേയും തോട്ടം തൊഴിലാളികളുടേയും മക്കള്‍ ആശ്രയിക്കുന്ന വിദ്യാലയമാണ് ഇത്. സ്ഥാപിതമായി 50 വര്‍ഷം തികയുന്ന സ്കൂളിന് പുതിയ കെട്ടിടം വളരെ സഹായകരമാവുമെന്ന് റോജി എം. ജോണ്‍ പറഞ്ഞു



