കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലം നിവാസികൾ വന്യമൃഗങ്ങളൂടെ ആക്രമണ ഭീഷണിയിൽ. ഇൻജെലി പറമ്പിൽ ഭാസ്‌കരന്റെയും, കോയിക്കര ആഗസ്ത്തിയുടെയും പശു കിടാവുകളെ കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാത ജീവി കൊന്നു ഭക്ഷണം ആക്കിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. കണ്ണിമംഗലത്ത് വനഭാഗത്തോടു ചേർന്നാണ് കിടാരികളുടെ ജഡം കണ്ടെത്തിയത്. ഇവയുടെ മാംസം കുറെ ഭാഗം അജ്ഞാത ജീവി ഭക്ഷിച്ചിട്ടുണ്ട്. ബാക്കി ഉപേക്ഷിച്ചു പോയ നിലയിലാണ്. പുലിയായിരിക്കാം ഇവയെ ആക്രമിച്ചു കൊന്നത് എന്ന നിഗമനത്തിലാണ് നാട്ടുകാർ. ജനവാസ മേഖല കൂടിയാണ് ഇവിടം.
കിടാരിക്കൂട്ടത്തെ ആളൊഴിഞ്ഞ പുൽപ്രദേശങ്ങളിൽ മേയാൽ വിട്ടിരിക്കുകയായിരുന്നു. ഇതിൽ 2 എണ്ണം തിരികെ വരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
നേരത്തേയും ഇവിടെ പുലിയെന്നു കരുതുന്ന അജ്ഞാത ജീവി വളർത്തു മൃഗങ്ങളെ കൊന്നു തിന്നിരുന്നു. അതിനാൽ പുലിയുടെ സാന്നിധ്യം വനത്തിന്റെ സമീപ ഭാഗത്ത് തന്നെ ഉണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ. രാത്രി വീട്ടിൽ നിന്നു പുറത്തിറങ്ങാൻ വീട്ടുകാർ ഭയക്കുന്നു. നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഒരു മാസം മുൻപ് കാട്ടാനക്കൂട്ടം ഇവരുടെ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. റബർ, തെങ്ങ്, വാഴ എന്നിവയാണ് കൂടുതലും നശിച്ചത്. 6 ആനകൾ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. വനം വകുപ്പ് അധികൃതർ തകർന്ന് കിടക്കുന്ന ഫെൻസിങ് പുന സ്ഥാപിക്കണമെന്നും, പുലിയെ പിടിക്കാൻ വേണ്ടനടപടികൾ സ്വീകരിക്കണമെന്നും, പട്രോളിങ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.