മലയാറ്റൂർ: മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം.
എല്ലാ വകുപ്പുകളുയും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളിൽ സ്ലാബ് ഇടുന്ന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ജനത്തിരക്ക് മുന്നിൽക്കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു.
മാർച്ച് 23 മുതൽ ഏപ്രിൽ 30വരെയാണ് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരം. ഈ ദിവസങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കും. ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും പോലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തും. തിരുനാൾ ദിനങ്ങളിൽ പോലീസ് പട്രോളിഗ് ശക്തമാക്കും. പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങൾ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
പള്ളി പരിസരത്തും അടിവാരത്തുമായി കുടിവെള്ളത്തിന് ആവശ്യമായ പബ്ലിക് ടാപ്പുകൾ സ്ഥാപിക്കാനും കാൽനടയായി വരുന്ന യാത്രക്കാർക്കായി വഴിയരികിലെ പബ്ലിക് ടാപ്പുകൾ പുനരുദ്ധാരണം ചെയ്യാനും വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവർ സംയുക്തമായി സ്ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ കടകൾക്ക് നിർദേശം നൽകും. അനധികൃത മദ്യ വിൽപ്പനയും ലഹരിപദാർത്ഥങ്ങളുടെ വില്പനയും തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും.
വനം വകുപ്പിന്റെ നേതൃത്വത്തിൽ വന സംരക്ഷണ – ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും. തീർത്ഥാടന കേന്ദ്രത്തിനോട് ചേർന്ന വനമേഖലകളിൽ പരിശോധനകളും നടക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കും. ആംബുലൻസുകളും സ്ട്രക്ചറുകളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താനും കുഴികളും കാനകളും അടയ്ക്കുന്നതിനും അപകടസൂചികൾ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
തീർത്ഥാടകർ പുഴയിലും തടാകത്തിലും ഇറങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ നടപടികൾ സ്വീകരിക്കും. തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് അഗ്നി രക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. താൽക്കാലിക വൈദ്യുതി കണക്ഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാനും കൂടുതൽ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുവാനും കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. വിശുദ്ധവാരത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ വിവിധ ഡിപ്പോകളിൽ നിന്ന് മലയാറ്റൂരിലേക്ക് സർവീസ് ആരംഭിക്കും. ഗതാഗതം സൗകര്യം ഉറപ്പുവരുത്താൻ പ്രൈവറ്റ് ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റ് നൽകും.
മാലിന്യ നിർമ്മാർജ്ജനം ഉറപ്പുവരുത്തുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കും. എല്ലായിടങ്ങളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. കടകളിലെ മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുന്നതിന് സംവിധാനം സജ്ജമാക്കും. ശുചിത്വ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് വാളൻ്റിയർമാരുടെ സേവനം ഉറപ്പുവരുത്തും.
ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, എ.എസ്.പി മോഹിത് റാവത്ത്, മലയാറ്റൂർ പള്ളി വികാരി ഫാ: വർഗീസ് മണവാളൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വൈദികർ തുടങ്ങിയവർ പങ്കെടുത്തു.