എറണാകുളം: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി നാടകീയമായിട്ടാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ കടുത്ത സമ്മർദ്ദത്തിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയ നേതാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ തുറന്ന കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും.
ചായക്കടയിലിരുന്ന മുഹമ്മദ് ഷിയാസിനെ മിന്നൽ വേഗത്തിൽ തൂക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ട് പോകുന്ന അതേ വേഗതയിലായിരുന്നു പൊലീസ് നീക്കങ്ങളെല്ലാം. ഷിയാസിനെ അറസ്റ്റ് ചെയ്തതിലെ പ്രതിഷേധം ഉയരുമ്പോൾ തന്നെ മാത്യൂ കുഴൽനാടനോടും അറസ്റ്റിന് വഴങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പിന്നെ മണിക്കൂറുകൾ പൊലീസ് നടപടിയിൽ ആർക്കും വ്യക്തതയില്ലായിരുന്നു. പ്രതിപക്ഷ നേതാവായ വി.ഡി.സതീശനും മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് സമരപ്പന്തലിൽ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറമുള്ള കോതമംഗലം പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായവർ ഉണ്ടെന്ന വിവരം പോലും കിട്ടുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ഇട്ടു. ഇതിനൊപ്പം പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടും ചുമത്തി. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കനമുളള വകുപ്പുകളും ചുമത്തി. നാല് മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്ട്രേറ്റിന്റെ വീട്ടിൽ നേതാക്കളെ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങൾക്ക് ഒടുവിൽ ഇടക്കാല ജാമ്യം എന്ന തീരുമാനമെത്തി. പൊലീസിന് കടുത്ത തിരിച്ചടിയും.