അങ്കമാലി: കൊച്ചി മെട്രോ അങ്കമാലിയിലേക്കു നീട്ടുന്നതിന്റെ മൂന്നാംഘട്ട വിശദ പദ്ധതിരേഖ കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. ആലുവയിൽ നിന്നു കരിയാട്, വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള അലൈൻമെന്റ് പ്രകാരമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളതെന്നാണു സൂചന. ആലുവയിൽ നിന്നു നേരിട്ട് അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴിയുള്ള അലൈൻമെന്റ് പ്രായോഗികല്ലെന്ന നിലപാടിലാണ് കെഎംആർഎൽ.
വിശദപദ്ധതിരേഖ തയാറാക്കുന്നതിനു കഴിഞ്ഞ വർഷമാണ് ടെൻഡർ ക്ഷണിച്ചത്. ഭൂപടം, സ്ഥലലഭ്യത, റൂട്ടിന്റെ സാങ്കേതിക ആകൃതികൾ, പ്രധാന സ്റ്റേഷനുകൾ, മൊത്തം ചെലവ്, അലൈൻമെന്റ് മാപ് തുടങ്ങിയ കാര്യങ്ങളിൽ പഠനം നടത്തി വേണം വിശദപദ്ധതിരേഖ തയാറാക്കേണ്ടത്. വിശദപദ്ധതിരേഖ സംസ്ഥാന സർക്കാർ കേന്ദ്രനഗരമന്ത്രാലയത്തിനു സമർപ്പിച്ച് അനുമതി നേടണം. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും മെട്രോ റെയിലിനുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുക.
കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലേക്ക് മെട്രോ വരുമ്പോൾ ജില്ലയുടെ വടക്കൻ മേഖലയിൽ വൻ വികസനക്കുതിപ്പുണ്ടാകും. അങ്കമാലി മേഖലയിൽ നിന്നു പ്രതിദിനം ആയിരക്കണക്കിനു യാത്രക്കാരാണ് ആലുവ, എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജോലിക്കായി പോകുന്നത്. ഈ യാത്രക്കാരിൽ ഭൂരിഭാഗവും കെഎസ്ആർടിസി, ട്രെയിൻ എന്നിവയെയാണ് ആശ്രയിക്കുന്നത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയ്ക്ക് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. മെട്രോ വന്നാൽ യാത്രാദുരിതത്തിനു പരിഹാരമാകും.
ജനം പൊതുഗതാഗതസംവിധാനം കൂടുതലായി ഉപയോഗിക്കും. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കു കൂടി പ്രയോജനം ലഭിക്കുന്നതിനാണ് കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമെന്ന നിലയിൽ വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും നീട്ടുന്നത്. 18 കിലോമീറ്റർ നീളമുള്ള പാതയാണ് ലക്ഷ്യമിടുന്നത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള 3 കിലോമീറ്ററിലേറെ ദൂരം ഭൂഗർഭ പാതയായാണ് വിഭാവനം ചെയ്യുന്നത്. വിമാനം, റെയിൽ, മെട്രോ, ഹൈവേ എന്നിവയുടെ സംയുക്ത കണക്ടിവിറ്റിയാകും.



