കൊച്ചി: രാത്രിയിൽ ട്രെയിൻ സ്റ്റേഷനിൽ നിർത്തിയില്ല. കൂരിരുട്ടിൽ പെരുവഴിയിലായി യാത്രക്കാർ. ഇന്നലെ രാത്രി 8.20 ന് ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ചൊവ്വര സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം – ഗുരുവായൂർ പാസഞ്ചറാണ് സ്റ്റേഷനിൽ നിർത്താതെ അതിവേഗം മുന്നോട്ടു പോയത്. ട്രെയിൻ നിർത്താതെ പായുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കൈകളുയർത്തി സൂചന നൽകിയിട്ടും ലോക്കോ പൈലറ്റ് ശ്രദ്ധിച്ചില്ലെന്നു പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർ ഉൾപ്പടെയുള്ളവർ പറഞ്ഞു. ശേഷം സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ നീങ്ങിയാണ് ട്രെയിൻ നിർത്തിയത്. പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്തു കൂരിരുട്ടിൽ അപകടകരമായ സാഹചര്യത്തിലാണ് സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ ഇറങ്ങിയത്. ഈ സമയം എതിർവശത്തെ ട്രാക്കിൽ ട്രെയിൻ വരുന്നുണ്ടായിരുന്നു.
സ്റ്റേഷനും നെടുവന്നൂർ ഗേറ്റിനും ഇടയിലുള്ള പാലത്തിന്റെ ഭാഗത്തെ കംപാർട്മെന്റിൽ പെട്ടുപോയ യാത്രക്കാർക്ക് ഇറങ്ങാനായില്ല. ഇവർ ചൊവ്വര സ്റ്റേഷനിലെ ജീവനക്കാരനെ ഫോണിൽ വിവരം അറിയിച്ചു. ഇദ്ദേഹം ട്രെയിനിനു പിൻഭാഗത്തെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷവും ട്രെയിൻ മുന്നോട്ടെടുക്കാനായിരുന്നു ലോക്കോ പൈലറ്റിന്റെ ശ്രമം. ഒടുവിൽ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ട്രെയിൻ പിന്നോട്ടെടുത്തു പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചപ്പോഴാണ് മറ്റു യാത്രക്കാർക്ക് ഇറങ്ങാനും കയറാനുമായത്. ഗുരുവായൂരിലേക്കുള്ള യാത്രക്കാർ ട്രെയിനിൽ കയറാനും സ്റ്റേഷനിൽ ഉണ്ടായിരുന്നു. നിശ്ചിത സ്റ്റേഷനിൽ രാത്രിയിൽ ട്രെയിൻ നിർത്താതെ യാത്രക്കാരെ അപകടസാഹചര്യത്തിലാക്കിയ ലോക്കോ പൈലറ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം എറണാകുളം – ഗുരുവായൂർ പാസഞ്ചറിൽ ഇന്നലെ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു. സിഗ്നൽ തെറ്റിച്ചു ട്രെയിൻ പിന്നോട്ടെടുത്തതിലെ അപകടസാധ്യത ഗൗരവമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.