വടക്കേക്കര: മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ.ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാൽ ഭാഗത്ത് മാതിരപള്ളി വീട്ടിൽ ഷാജഹാൻ (28) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാൽ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്നു 80 വയസ്സുള്ള സുദദ്ര എന്ന വൃദ്ധയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച് കഴുത്തിൽ ധരിച്ചിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
പ്രതിയുടെ വീടിനു മുന്നിലുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയുടെ പുറകിലൂടെ ചെന്ന് പ്രതി തൻ്റെ സ്വന്തം വീടിനു മുന്നിൽ വച്ച് കയ്യിൽ കരുതിയിരുന്ന മുളക് പൊടി വൃദ്ധയുടെ കണ്ണിൽ എറിഞ്ഞ് കഴുത്തിൽ കിടന്ന മാല അപഹരിച്ചു. എന്നാൽ സ്വർണ മാലയാണ് എന്ന് കരുതി കവർച്ച നടത്തിയത് മുക്കുപണ്ടം ആണെന്ന് അറിഞ്ഞിരുന്നില്ല. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കു പറ്റിയ വൃദ്ധ പ്രതിയുടെ വീട്ടിൽ വിശ്രമിക്കവെ കവർച്ച നടത്തിയ ആളെ പോലിസും നാട്ടുകാരും തിരക്കി നടക്കുന്നതിൽ ഷാജഹാനും സജീവമായി ഇടപെട്ടിരുന്നു. ഷർട്ട് ഇടാതെ മുണ്ടു മാത്രം ധരിച്ച ആളാണ് മാല പൊട്ടിച്ചെടുത്തത് എന്ന് വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടു പിടിക്കാനായത്. വൃദ്ധയുടെ കഴുത്തിൽ നിന്നും ഷാജഹാൻ പൊട്ടിച്ചെടുത്ത മാല സ്വന്തം വീടിന് പുറകിൽ ഒരു ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തവിടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നത് പോലീസ് കണ്ടെടുത്തു.
മുനമ്പം ഡി.വൈ.എസ്.പി എൻ.എസ് സലീഷിൻ്റെ നിർദ്ദേശപ്രകാരം വടക്കേക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ആർ. ബിജു, എസ് ഐ വി.എം റസാഖ് ,ഏ.എസ്.ഐ ടി കെ സുധി,സീനിയർ സി പി ഒ മാരായ എം.എസ് മിറാഷ് , ലിജോ ഫിലിപ്പ്, ശ്രീരാഗ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു