
കൊച്ചി: കെട്ടിട പെർമിറ്റിന് 15,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിലായി. നഗരസഭ ബിൽഡിംഗ് ഇൻസ്‌പെക്ടർ തൃശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്‌നയാണ് (37) പിടിയിലായത്. വിജിലൻസ് തയ്യാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്‌ന. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
കോർപറേഷൻ പരിധിയിൽ അഞ്ചുനില കെട്ടിടം പണിയുന്നതിനുള്ള പെർമിറ്റിനായാണ് പരാതിക്കാരൻ നഗരസഭയിൽ എത്തിയത്. ഇതിനിടെയാണ് ബിൽഡിംഗ് ഇൻസ്‌പെക്ടറായ സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ എറണാകുളം വിജിലൻസ് സെൻട്രൽ യൂണിറ്റ് എസ്.പിയെ നേരിൽക്കണ്ട് പരാതി നൽകി. വിജിലൻസിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരൻ പണവുമായി വൈറ്റിലയിൽ എത്തി. ഈസമയം കൈക്കൂലി വാങ്ങാൻ സ്വന്തം കാറിൽ കാത്തുനിൽക്കുകയായിരുന്നു സ്വപ്ന. പണം കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു.