
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കുട്ടിയുടെ മരണത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തു. പ്രാഥമിക പരിശോധന പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരൻ റിതാൻ രാജുവാണ് മരിച്ചത്. ജയ്പൂരിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ രാജസ്ഥാൻ ദാമ്പതികളുട ഇളയകുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. മുന്നറിയിപ്പ് ഇല്ലാത്തതും മാലിന്യ കുഴി തുറന്ന് കിടന്നതും അപകട കാരണമാവുകയായിരുന്നു.
ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കൾ സമീപത്തുള്ള കഫേയിൽ ഭക്ഷണം കയറിയപ്പോഴാണ് ആണ് അപകടം നടന്നത്. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. 10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയിൽ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കൾ അറിയുന്നത്. കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ എയർപോർട്ട് അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയിൽ വീണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.