കൊച്ചി: ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ റോബർട്ട് ബ്രെസോണിനെക്കുറിച്ചും (1901 – 1999 ) അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങളെക്കുറിച്ചും പഠനഗ്രന്ഥം തയാറാക്കി മലയാളി വൈദികൻ. സീറോ മലങ്കര സഭയിലെ തിരുവല്ല അതിരൂപത വൈദികനും കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. സിബു ഇരിന്പിനിക്കലാണു ബ്രെസോണിന്‍റെ സിനിമകളെ ദൈവശാസ്ത്രപശ്ചാത്തലത്തിൽ പഠനവിധേയമാക്കുന്ന “റോബർട്ട് ബ്രെസോൺ സിനിമാട്ടോഗ്രഫി” എന്ന ശ്രദ്ധേയഗ്രന്ഥത്തിന്‍റെ രചയിതാവ്.
ഫ്രഞ്ച് വിപ്ലവം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ ചരിത്രസംഭവങ്ങളും ദസ്തയോവ്സ്കി ഉൾപ്പടെയുള്ള സാഹിത്യപ്രതിഭകളുടെ ജീവിതങ്ങളും ബ്രെസോണിന്‍റെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. കത്തോലിക്കൻ എന്ന നിലയിൽ കലാമൂല്യമുള്ള തന്‍റെ സിനിമകളിലൂടെ ആത്മീയാന്വേഷണത്തിന്‍റെ ധാരകളും അദ്ദേഹം തുറന്നിട്ടു. ദൈവം, മനുഷ്യൻ, മരണം, സ്വർഗം എന്നിവയെ അഭ്രപാളിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ ദാർശനികമായി സമീപിക്കുന്ന സിനിമകളാണ് ബ്രെസോണിന്‍റേത്. ലോകസിനിമയിലെ വിഖ്യാതമായ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയിയെത്തി. ബ്രെസോണിന്‍റെ 13 സിനിമകളെ ആഴത്തിൽ വിശകലന വിധേയമാക്കുന്ന “റോബർട്ട് ബ്രെസോൺ സിനിമാട്ടോഗ്രഫി” സിനിമയിലെ മൂല്യങ്ങളെയും കലയിലെ ആത്മീയധാരകളെയും അന്വേഷിക്കുന്നവർക്കു വലിയ മുതൽക്കുട്ടാവുന്ന രചനയാണ്.
പാലാരിവട്ടം പിഓസി യിൽ ഇന്നു 3.30നു നടക്കുന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, പ്രഫ. എം കെ സാനു, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, പ്രഫ. ശിവപ്രസാദ് കവിയൂർ, ഡോ. ജിജി കൂട്ടുമ്മേൽ, ഡോ. പ്രിമുസ് പെരിഞ്ചേരി, ഡോ. ജോർജ് തയ്യിൽ, സംവിധായകൻ ജോസ് തോമസ്, സിറിയക്ക് ആലഞ്ചേരി എന്നിവർ പങ്കെടുക്കും.