കാലടി: കാഞ്ഞൂർ തെക്കേ അങ്ങാടിയിൽ ചൊവ്വര – വല്ലം കടവ് റോഡിൽ താന്നി മരം ഒടിഞ്ഞു വീണു. ഒഴിവായത് വൻ ദുരന്തം. സ്വകാര്യ വ്യക്തിയുടെ പാടത്ത് വെള്ളക്കെട്ടിൽ നിന്ന് കുതിർന്ന മരമാണ് കാറ്റിൽ മറിഞ്ഞ് വീണത്. നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. റോഡിൽ വാഹനങ്ങളോ, ആളുകളോ ഒന്നും ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായിരുന്നില്ല.
മരം മറിഞ്ഞുവീണ് ഉടൻതന്നെ പുതിയേടം മെർച്ചന്റ് അസോസിയേഷന്റെ മുൻ ഭാരവാഹി ഡേവിസ് കളപ്പറമ്പൻ പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പർ കൂടിയായ വിജി ബിജുവിനെ വിവരമറിയിക്കുകയും, പ്രസിഡന്റ് ഇടപെട്ട് വേഗത്തിൽ മരം വെട്ടിമാറ്റി. സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും, വ്യാപാരികളും മരം വെട്ടിമാറ്റാൻ പങ്കാളികളായി, തടർന്ന് ഗതാഗതവും മറ്റും പുനസ്ഥാപിച്ചു.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പൊതു നിരത്തുകളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിനായി ട്രീ കമ്മിറ്റി കൂടുകയും, പരാതിയുള്ള എല്ലാ മരങ്ങളും അന്വേഷണം നടത്തി അടിയന്തരമായി വെട്ടി മാറ്റേണ്ട കൊമ്പുകൾ മാറ്റുന്നതിന് കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതനുസരിച്ച് പഞ്ചായത്ത് റോഡിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പഞ്ചായത്ത് അടിയന്തരമായി നടപടി എടുത്തിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. കൂടാതെ പിഡബ്ല്യുഡി റോഡുകളിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റുന്നതിനായി ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരം പിഡബ്ല്യുഡി അധികാരികൾക്ക് കത്ത് പഞ്ചായത്ത് നൽകിയിട്ടുണ്ട്.
പാറപ്പുറം ജംഗ്ഷനിൽ നിൽക്കുന്ന മരം പൂർണമായും വെട്ടി മാറ്റുന്നതിന് ട്രീ കമ്മിറ്റി പ്രത്യേക പ്രാധാന്യത്തോടെ തീരുമാനം എടുത്ത് പിഡബ്ല്യുഡി അധികാരികൾക്ക് കൈമാറിയിട്ടുമുണ്ട്,