കാലടി: കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരി ലിബ്‌ന ക്ലാസ് ടീച്ചർക്ക് എഴുതിയ കത്ത് നൊമ്പാരമാകുന്നു. ക്ലാസ് ടീച്ചർ ബിന്ദുവിനാണ് ലിബ്‌ന കത്തെഴുതിയത്. കഴിഞ്ഞ മാസം രണ്ടാഴ്ച ബിന്ദു ടീച്ചർ ലീവ് ആയിരുന്നു. ആ സമയത്ത് ലിബ്‌നയും കൂട്ടുകാരികളും ചേർന്ന് ടീച്ചർക്ക് ഒരു കത്തയച്ചു. ലിബ്‌നയായിരുന്നു അതെഴുതിയത്. അവളുടെ സ്‌നേഹവും നിഷ്‌കളങ്കതയുമെല്ലാം ആ കത്തിൽ ഉണ്ടായിരുന്നു.
പ്രീയപ്പെട്ട ടീച്ചർ…. ടീച്ചർ ഞങ്ങൾക്ക് എന്നും പ്രീയപ്പെട്ട ടീച്ചർ ആണ്. വഴക്ക് പറയുമ്പോൾ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് മനസിലായി. ടീച്ചറെ ഞങ്ങൾ ഒത്തിരി മിസ് ചെയ്യും. ഞങ്ങളെ വേർതിരിവില്ലാതെ സ്‌നേഹിച്ച ടീച്ചറെ ഞങ്ങളും ഒത്തിരി സ്‌നേഹിക്കും. പ്രാർത്ഥനയിൽ ടീച്ചറെ ഓർക്കും. ഒരിക്കിലും മറക്കാത്ത മികച്ച നല്ല അധ്യാപികയായി…. ഇതായിരുന്നു ലിബ്‌ന ടീച്ചർക്ക് എഴുതിയ കത്ത്. മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സ്‌ഫോടനത്തിൽ ഗുരുതര പൊള്ളലേറ്റ ലിബ്‌ന കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ അർധരാത്രിയോടെയാണ് മരിച്ചത്.
അവളെഴുതിയ ആ കത്ത് ഒരു അമൂല്യസ്വത്തായി എന്നും സൂക്ഷിക്കുമെന്ന് ബിന്ദു ടീച്ചർ പറഞ്ഞു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന കുട്ടിയായിരുന്നു ലിബ്‌ന. എല്ലാ അധ്യാപകരുടേയും പ്രിയങ്കരി, ക്ലാസ്സ് ലീഡറും അവളായിരുന്നു.സമ്മേളനത്തിന് പോകും മുമ്പ് വ്യാഴാഴ്ചയാണ് ലിബ്‌ന അവസാനം ക്ലാസ്സിൽ വന്നത്. അന്ന് അസംബ്ലിയിൽ പത്രം വായിച്ചത് അവളായിരുന്നു. അവസാനത്തെ പിരിയഡ് എന്റെ മാത്സ് ക്ലാസ് ആയിരുന്നു. അത് അവസാനത്തെ കാഴ്ചയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല ടീച്ചർ പറഞ്ഞുനിർത്തി.
വെള്ളിയാഴ്ചയാണ് യഹോവ സാക്ഷികളുടെ കളമശ്ശേരിയിലെ സമ്മേളനം ആരംഭിച്ചത്. ഞായറാഴ്ച സമ്മേളനം സമാപിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം. ഓഡിറ്റോറിയത്തിൽ സ്‌ഫോടനം നടന്ന മധ്യഭാഗത്തായിരുന്നു ലിബ്‌നയും കുടുംബവും ഇരുന്നിരുന്നത്.
സ്‌ഫോടനത്തിൽ ലിബ്‌നയുടെ അമ്മ റീനയ്ക്കും (സാലി) രണ്ട് സഹോദരന്മാർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ റീനയുടെയും മൂത്ത മകൻ പ്രവീണിന്റെയും നില ഗുരുതരമാണ്. രണ്ടാമത്തെ മകൻ രാഹുൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ലിബ്‌നയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാചകത്തൊഴിലാളിയായ പ്രദീപനാണ് ലിബ്‌നയുടെ പിതാവ്.