മലയാറ്റൂർ: കളമശേരി സ്‌ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബ്‌നയുടെ വിയോഗത്തിൽ നടുങ്ങി മലയാറ്റൂർ. എന്നും ചിരിച്ച മുഖമായിട്ടാണ് ലിബ്‌നയെ സമീപ വാസികൾ കാണാറ്. രാവിലെയും വൈകീട്ടും വീടിന് മുൻപിൽ ലിബ്‌നക്ക് കൂട്ടായി അവൾ വളർത്തുന്ന നായയും ഉണ്ടാകും. സമീപത്തെ ലോട്ടറി വിൽപ്പനക്കാരോട് വിശേഷങ്ങൾ പങ്കുവക്കാറുമുണ്ട് അവൾ.
നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ല്‌ളാസ് വിദ്യാർത്ഥിനിയാണ്. അധ്യാപകൾക്കും ലിബ്‌നയെക്കുറിച്ച് നല്ലത് പറയാനെ ഉളളു. പഠിക്കാൻ മിടുക്കിയായിരുന്നു. അധ്യാപകരും സഹപാഠികളും ഞെട്ടലോടെയാണ് ലിബ്‌നയുടെ വിയോഗ വാർത്ത കേട്ടതും. പലർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. ലിബ്‌നയോടുളള ആദര സൂചകമായി സ്‌കൂളിന് ഇന്ന് അവധി നൽകി. സ്‌കൂളിൾ ലിബ്‌നയുടെ ചിത്രത്തിന് മുൻപിൻ അധ്യാപകരും, സഹപാഠികളും പുഷ്പ്പാർച്ചന നടത്തി.
റീനയുടെയും പ്രദീപന്റെയും ഇളയ മകളാണ് ലിബ്‌ന. കൂടുംബത്തിലെ എല്ലാവരും യഹോവ കൺവെൻഷന് പോയിരുന്നു. അമ്മ റീനക്കും, സഹോദരങ്ങളായ പ്രവീണിനും, രാഹുലിനും സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. റീനയുടെയും, പ്രവീണിന്റെയും പരിക്ക് ഗുരുതരമാണ്. കപ്പൽ ജോലിക്കാരനായ പ്രവീൺ കൺവെൻഷന് പങ്കെടുക്കാൻ വേണ്ടി ലീവിന് എത്തിയതാണ്. മലയാറ്റൂർ കോടനാട് പാലത്തിന് സമീപം വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്.