കാലടി: കാലടി-മലയാറ്റൂര്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മറച്ച് വയ്ക്കാനും റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തുവാനുമാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്ന് റോജി എം. ജോണ്‍ എം.എല്‍.എ. റോഡ് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കാതെ വന്നപ്പോള്‍ ബെന്നി ബെഹനാന്‍ എം.പിയും താനും നടത്തിയ ഇടപെടലിന്‍റെ ഭാഗമായാണ് സെന്‍ട്രല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22.75 കോടി രൂപ കാലടി-മാലയാറ്റൂര്‍ റോഡിന് അനുവദിച്ചത്.
റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ പുറമ്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് കോടതി വ്യവഹാരങ്ങളുണ്ട്. പുറമ്പോക്ക് പൂര്‍ണ്ണമായി ഏറ്റെടുക്കണമന്ന് റവന്യു മന്ത്രിയുടെ യോഗതതില്‍ ഉള്‍പ്പെടെ താന്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി നല്‍കുവാന്‍ റവന്യു വകുപ്പിന് കഴിഞ്ഞിട്ടില്ല. പുറമ്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുകള്‍ പോലും ഉണ്ടായിട്ടും സമയബന്ധിതമായി അത് നടപ്പിലാക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരും റവന്യ വകുപ്പുമാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നത്. ജനങ്ങളുടെ മുമ്പില്‍ സമരം നാടകം നടത്തുന്ന എല്‍.ഡി.എഫ് കാലടി-മലയാറ്റൂര്‍ റോഡുമായുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം സര്‍ക്കാരിനെ കൊണ്ട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുകാണ് ചെയ്യേണ്ടത്.
മുന്‍ എം.എല്‍.എയുടെ കാലത്ത് കാലടി-മലയാറ്റൂര്‍ റോഡിന്‍റെ നിര്‍മ്മാണം നടന്നപ്പോള്‍ പുറമ്പോക്ക് ഏറ്റെടുക്കുവാനായിട്ട് ചെറുവിരലനക്കിയില്ല. എന്നിട്ടാണിപ്പോള്‍ സമര നാടകം നടത്തുന്നത്. കോടതി കേസുകളുടെ അന്തിമ തീര്‍പ്പനുസരിച്ച് പുറമ്പോക്ക് പൂര്‍ണ്ണമായും ഏറ്റെടുക്കും. എന്നാല്‍ പുറമ്പോക്ക് സംബന്ധിച്ച് തര്‍ക്കമുളള പ്രദേശങ്ങളില്‍ കാന നിര്‍മ്മാണം തല്‍ക്കാലത്തേക്ക് മാറ്റി വച്ച് റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് യാതൊരു തടസ്സവുമില്ല. പഞ്ചായത്ത് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പലതവണ റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതുമാണ്.
മലയാറ്റൂര്‍ തീര്‍ത്ഥാടനം ഉള്‍പ്പെടെ ആരംഭിച്ച സാഹചര്യത്തില്‍ എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കുവാനാണ് പരിശ്രമിക്കുന്നത്. എന്നാല്‍ ഇത് നടക്കരുത് എന്ന് നിര്‍ബന്ധമുള്ള ചിലയാളുകളാണ് പണി തടസ്സപ്പെടുത്തുന്നതും വ്യാജപ്രചരണങ്ങള്‍ നടത്തുന്നതുമെന്നും റോജി എം. ജോണ്‍ എം.എല്‍,എ പറഞ്ഞു.