കാലടി: യുവനർത്തകിമാരായ ഭാവന ഉണ്ണികൃഷ്ണന്റെയും എം.എസ്. ഗൗരിപ്രിയയുടെയും നടന വൈഭവം കൊണ്ട് കാലടി ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻസിന്റെ രണ്ടാമത് ടാപ് ഫെസ്റ്റിവൽ ശ്രദ്ധേയമായി. 6 സോളോ ഇനങ്ങളോടൊപ്പം ഒരു യുഗ്മ നൃത്തവും അവതരിപ്പിച്ചാണ് തിരുവനന്തപുരം ഗോകുലം കോളേജിലെ ഗൗരിയും ആലുവ യു.സി കോളേജിലെ ഭാവനയും മികവ് തെളിയിച്ചത്.
രാഗമാലിക ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ കുച്ചിപ്പുടിയിലെ പൂജയോടുകൂടിയാണ് നൃത്തക്കച്ചേരി ആരംഭിച്ചത്. തുടർന്ന് വെമ്പട്ടി ചിന്നസത്യം ചിട്ടപ്പെടുത്തിയ കൃഷ്ണശബ്ദം,കുറിഞ്ചി രാഗത്തിലുള്ള മുദ്ദുക്കാരി എന്ന് തുടങ്ങുന്ന ഇനം, ദേവി സ്തുതി, ശിവാ ഷ്ടകം,ആദിശങ്കരൻ രചിച്ച ഭോ ശംഭോ… എന്നുതുടങ്ങുന്ന ശിവസ്തുതി, രേവതി രാഗത്തിലുള്ള ദുർഗാസ്തുതി എന്നിവ അവതരിപ്പിച്ചു.നർത്തകി
സുധാ പീതാംബരൻ ( നൃത്ത ഏകോപനം ) അക്ഷര വി.ആർ, അനില ജോഷി (നട്ടുവാങ്കം) എച്ച്.ശ്രീകുമാർ (വായ്പ്പാട്ട്) കെ.പി. വേണുഗോപാൽ (മൃദംഗം) എ. കെ. രഘു (പുല്ലാംങ്കുഴൽ) ബാബു മാണിക്കമംഗലം, പ്രൊഫ. പി. വി. പീതാംബരൻ (ആശയം, ഏകോപനം) എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. പി.ടി.എ പ്രസിഡന്റ്, കെ.ടി.സലിം, വർക്കിംഗ് പ്രസിഡന്റ് എ.ആർ. അനിൽകുമാർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
യുവജനോത്സവങ്ങളിൽ മികച്ച വിജയംനേടിയ ശ്രീനന്ദ എസ്. നായർ അനന്യ സനീഷ്, കാവ്യശ്രീ പി.എ വൈഷ്ണവി എസ്.കുമാർ, ഇഷാൻവി രാജേഷ് എന്നിവരെ അനുമോദിച്ചു