കാലടി : കാലടി-മലയാറ്റൂർ റോഡ് പഴയ സർവേ പ്രകാരം അളന്ന് വീതികൂട്ടുന്നതിനുള്ള പ്രവൃത്തിയിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവത്തിനെതിരേ റോഡ് ആക്ഷൻ കൗൺസിൽ ജനകീയസമരം ആരംഭിക്കും. കോടതിവിധി നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന കളക്ടർക്കും ഉദ്യോഗസ്ഥർക്കുമെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു.
പഴയ സർവേ പ്രകാരം പുറമ്പോക്ക് ഏറ്റെടുത്ത് റോഡ് വികസിപ്പിക്കണമെന്ന ആവശ്യമുയർത്തി കഴിഞ്ഞമാസം റോഡ് വികസനസമിതിയുമായി ചേർന്ന് എൽ.ഡി.എഫ്. കാലടി മുതൽ മലയാറ്റൂർ വരെ കാൽനടയായി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചിരുന്നു.
കാലടി മുതൽ അടിവാരം വരെയുള്ള റോഡ് അളന്ന് വീതികൂട്ടാനും കാന നിർമിക്കാനും പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാനുമാണ് കോടതി ഉത്തരവിട്ടത്. ഇക്കാര്യങ്ങൾക്ക് കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് 2019-ലാണ് ഉത്തരവുണ്ടായത്. ഈ ഉത്തരവ് നടപ്പാക്കാത്തതിന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കളക്ടർക്കെതിരേ കേസ് ഫയൽ ചെയ്തു.
ലീഗൽ അതോറിറ്റി എറണാകുളം ജില്ലാ ജഡ്ജിന്റെ നേതൃത്വത്തിൽ അന്വേഷിക്കുകയും റോഡിൽ ധാരാളം കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുണ്ടെന്ന് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇത് നടപ്പാക്കുന്നതിന് 2023 ഡിസംബർ വരെ കോടതി സമയം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും പണികൾ എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തിലാണ് സമരം വീണ്ടും തുടങ്ങുന്നത്.
സ്ഥലം അളക്കുന്നതിന് ഹർജിക്കാരനും ചിലരും അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും സർവേ പൂർത്തീകരിക്കാൻ തടസ്സമായി എന്നും തെറ്റായി കോടതിക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. റോഡിന്റെ ദൈർഘ്യം സംബന്ധിച്ചും കോടതിയിൽ തെറ്റായ വിവരമാണ് നൽകിയത്.
അതോടൊപ്പം സർവേ നടത്താൻ ഫണ്ടില്ലെന്നും അളവുകൾ കൃത്യമായി രേഖപ്പെടുത്താൻ കാലതാമസം നേരിടുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഇതെല്ലാം റോഡ് വികസനം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. റോഡിന്റെ ടെൻഡർ നടപടികൾ കഴിഞ്ഞ് ഒരു വർഷം തികയാറായിട്ടും പണികൾ വൈകിപ്പിക്കുന്നത് തുക നഷ്ടപ്പെടുത്താനുള്ള നീക്കമാണെന്ന് സംശയിക്കുന്നതായി ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.ഡി. സ്റ്റീഫൻ പറഞ്ഞു.