കാലടി : കാലടി ടൗണിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യം കുന്നുകൂടിക്കിടക്കുന്നു. മാലിന്യം റോഡരികിൽക്കിടന്ന് ദുർഗന്ധം പരക്കുകയാണ്. പെരുമ്പാവൂർ റോഡിൽ ടൗണിന്റെ ഹൃദയഭാഗത്തായാണ് മാലിന്യം കൂടിക്കിടക്കുന്നത്. പല കെട്ടിടങ്ങളിലായി താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് കവറുകളും നിക്ഷേപിക്കുന്നത് ഇവിടെയാണ്.
കാലടി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് റോജി എം. ജോൺ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിവരാത്രിക്കടവിലേക്ക് പോകുന്ന ഭാഗത്തെ മാലിന്യം നീക്കംചെയ്യണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ അത് നടപ്പായില്ല. കാലടിയിലെ സർവമത ക്ഷേത്രത്തിലേക്കുള്ള വഴിയരികിലും മാലിന്യം നീക്കംചെയ്തിട്ടില്ല.
ടൗണിലെ ശുചീകരണപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാത്തതാണ് മാലിന്യം കുന്നുകൂടാൻ ഇടയാക്കിയതെന്ന് ടൗൺ വാർഡ് പ്രതിനിധി പി.ബി. സജീവ് പറഞ്ഞു. വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്യാൻപോലും പ്രസിഡന്റ് അനുവദിക്കുന്നില്ലെന്നും മാലിന്യം നീക്കംചെയ്യാൻ എത്രയുംവേഗം നടപടികളെടുക്കണമെന്നും സജീവ് ആവശ്യപ്പെട്ടു.